ഉത്തരവിറങ്ങിയിട്ടും സ്റ്റൈപ്പന്റില്ല: മന്ത്രിക്ക് പരാതികളയച്ച് കലാമണ്ഡലം വിദ്യാര്‍ത്ഥികള്‍

Update: 2021-06-16 01:30 GMT
തൃശൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനപരിധി നോക്കാതെ സ്റ്റൈപ്പന്റ് നല്‍കാനുള്ള 2016ലെ ഉത്തരവ് ഇനിയും നടപ്പാക്കിയില്ലെന്ന ആരോപണവുമായി കേരള കലാമണ്ഡലത്തിനെതിരെ സാംസ്‌കാരിക മന്ത്രി സജി ചെറിയാന് പരാതികളയച്ച് വിദ്യാര്‍ത്ഥികള്‍. 2015 ല്‍ അന്നത്തെ സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ് വാക്കാല്‍ പറഞ്ഞിരുന്നത് ഇത് അനുവദിക്കും എന്നായിരുന്നു.


2016ല്‍ എല്‍. ഡി.എഫ് അധികാരത്തിലെത്തിയപ്പോള്‍ കലാമണ്ഡലം സന്ദര്‍ശനത്തിനത്തിയ മന്ത്രി എ.കെ. ബാലന് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം സ്റ്റെപ്പന്റ് അനുവദിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം അധികാരികള്‍ വിദ്യാര്‍ത്ഥികളോട് മെസ്സ് ഫീസ് അടയ്ക്കുവാന്‍ ആവശ്യപ്പെട്ടിരുന്നില്ല. മന്ത്രിയുടെ പ്രഖ്യാപനം സംബന്ധിച്ച കാര്യങ്ങള്‍ 2016ല്‍ കലാമണ്ഡലം സര്‍വകലാശാല രജിസ്ട്രാറെ വിദ്യാര്‍ത്ഥികള്‍ രേഖാമൂലം അറിയിച്ചിരുന്നു. മന്ത്രിയുടെ ഉത്തരവ് വരും. ആരും മെസ്സ് ഫീസ് അടക്കേണ്ടതില്ലെന്ന് അന്നത്തെ രജിസ്ട്രാര്‍ കെ കെ സുന്ദരേശന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.


കലാമണ്ഡലത്തിലെ ജനറല്‍ സീറ്റില്‍ സ്റ്റൈപ്പന്റ് ലഭിക്കുന്ന 350 സീറ്റ് 450 ആയി വര്‍ദ്ധിപ്പിക്കുകയും സ്റ്റെപ്പന്റ് ലഭിക്കാത്ത 92 വിദ്യാര്‍ത്ഥികള്‍ക്കു കൂടി അതനുവദിച്ച് നല്‍കിയും സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് 2016 ല്‍ സ.ഉ (കൈ) നം.12/2016 ആയി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സ്‌റ്റൈപ്പന്റിനുള്ള തുക കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയുടെ തനത് ഫണ്ടില്‍ നിന്നും ഉപയോഗിക്കാന്‍ അനുവദിക്കുന്നതായും ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍ ഉത്തരവ് ലഭിച്ചില്ലെന്നാണ് കേരള കലാമണ്ഡലം അധികൃതര്‍ ഇപ്പോഴും പറയുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഉത്തരവ് ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് കലാമണ്ഡലം അധികൃതര്‍ ഭീമമായ തുക മെസ്സ് ഫീസായി അടക്കുവാന്‍ ആവശ്യപ്പെടുകയാണ്. മെസ്സ് ഫീസ് അടക്കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കില്ല എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നുമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ പറയുന്നു.


എന്നാല്‍, സാംസ്‌കാരിക വകുപ്പ് പുറത്തിറക്കുന്ന എല്ലാ ഉത്തരവുകളും സര്‍വകലാശാല നടപ്പാക്കാറുണ്ടെന്നും ഈ ഉത്തരവും നടപ്പാക്കിയിട്ടുള്ളതായും കേരള കലാമണ്ഡലം വൈസ് ചാന്‍സിലര്‍ ഡാ.പി.കെ.നാരായണന്‍ പറഞ്ഞു. വരുമാന പരിധി മാനദണ്ഡമാക്കിയാണ് സ്‌റ്റൈപ്പന്റ് നല്‍കുന്നത്. നിശ്ചിത വരുമാന പരിധിയ്ക്ക് താഴെ വരുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ സ്‌റ്റൈപ്പന്റ് ലഭിക്കൂ. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അത് ലഭ്യമായിക്കൊള്ളണമെന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.




Tags:    

Similar News