'ബാത്ത്റൂമിൽ പോകാനും വെള്ളമില്ല': കോഴിക്കോട് മെഡിക്കൽ കോളജിൽ വെള്ളം മുടങ്ങി; വലഞ്ഞ് രോഗികളും കൂട്ടിരിപ്പുകാരും
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെള്ളം മുടങ്ങിയതോടെ പ്രതിസന്ധിയിലായി രോഗികള്‍. ജല അതോറിറ്റി ടാങ്കറില്‍ വെള്ളമടിക്കുന്നുണ്ടെങ്കിലും ദൈനംദിന ആവശ്യങ്ങള്‍ക്ക് തികയില്ല. കോവൂരില്‍ പൈപ്പ് പൊട്ടിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഒന്ന് ടോയ്‌ലറ്റില്‍ പോകണമെങ്കില്‍ പോലും ജല അതോറിറ്റിയുടെ ടാങ്കറില്‍ നിന്ന് അളന്ന് കിട്ടുന്ന വെള്ളം വേണം. വെള്ളമില്ലാത്തതിനാല്‍ കുളിക്കാന്‍ പോലുമാകുന്നില്ലെന്ന് കൂട്ടിരിപ്പുകാര്‍ പറയുന്നു. കോവൂരിലെ പ്രധാന പൈപ്പ് പൊട്ടിയതോടെ രണ്ട് ദിവസമായി മായനാട്, ഒഴുക്കര, ചേവായൂര്‍ തുടങ്ങിയ സ്ഥലങ്ങളിലൊന്നും വെള്ളം കിട്ടുന്നില്ല. ഒരു ടാങ്കറിന് 1500 രൂപ നല്‍കിയാണ് കിണറില്ലാത്തവര്‍ വെള്ളം വാങ്ങുന്നത്. ദിവസവും ആയിരക്കണക്കിനാളുകള്‍ എത്തുന്ന മെഡിക്കല്‍ കോളജില്‍ സ്ഥിതി രൂക്ഷമാണ്.
പണി നടക്കുന്നുണ്ടെന്നും ഉടന്‍ പ്രശ്‌നം പരിഹരിക്കുമെന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം. നിരന്തരം പൈപ്പ് പൊട്ടി വെള്ളം മുടങ്ങുന്നതിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ മാസം കോഴിക്കോട് കുന്ദമംഗലത്ത് പൈപ്പ് പൊട്ടിയപ്പോഴും ദിവസങ്ങളോളം വെള്ളം മുടങ്ങിയിരുന്നു.