സസ്യേതര ഭക്ഷണ നിരോധനം ഗുജറാത്തിലെ കൂടുതല്‍ നഗരങ്ങളിലേക്ക്: നീക്കത്തിനെതിരേ ബിജെപിയിലും അസംതൃപ്തി

Update: 2021-11-14 04:35 GMT

അഹമ്മദാബാദ്: തെരുവില്‍ സസ്യേതര ഭക്ഷണം തയ്യാറാക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള നിരോധനം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. നേരത്തെ നിരോധനമേല്‍പ്പെടുത്തിയ വഡോദര, രാജ്‌കോട്ട് എന്നീ മുനിസിപ്പില്‍ കോര്‍പറേഷനുകള്‍ക്കു പുറമെ ഭവ്‌നഗര്‍, അഹമ്മദാബാദ് നഗരങ്ങളിലും നിരോധം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

അഹമ്മദാബാദ് മുനിസിപ്പാലിറ്റി റവന്യു കമ്മിറ്റി ചെയര്‍മാന്‍ ജാനകി വക്കീല്‍ സസ്യേതര ഭക്ഷണം വില്‍ക്കുന്ന കടകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് മുനിസിപ്പല്‍ കമ്മീഷണര്‍ക്ക് കത്തെഴുതി. സസ്യേതര ഭക്ഷണത്തിന് വിലക്കേര്‍പ്പെടുത്തി ഗുജറാത്തിന്റെ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

യാത്രക്കാര്‍ക്കും റോഡിനും തടസ്സമുണ്ടാക്കുന്ന ഭക്ഷ്യവില്‍പ്പന കേന്ദ്രങ്ങള്‍ പൊളിച്ചുകളയാനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കുമരികില്‍ മല്‍സ്യവും മാംസവും പാചകം ചെയ്യരുതെന്നുമാണ് കത്തില്‍ പറയുന്നത്. ഇത്തരം വസ്തുക്കള്‍ വില്‍ക്കുന്നതുമൂലം ആര്‍ക്കും യാത്ര ചെയ്യാനാവുന്നില്ലെന്നും ഹിന്ദു വിശ്വാസികളായ താമസക്കാരുടെ മതവികാരം വ്രണപ്പെടുന്നതായും കത്തില്‍ പറയുന്നു. 

തദ്ദേശ സ്ഥാപനങ്ങള്‍ മാംസ, മല്‍സ്യ ഭക്ഷണസ്റ്റാളുകള്‍ തെരുവില്‍ നിന്ന് നീക്കം ചെയ്യുന്നതില്‍ ബിജെപിയിലും എതിര്‍പ്പുണ്ട്.

വ്യക്തിപരമായ വിശ്വാസത്തിനനുസരിച്ചാവരുത് ഉത്തരവ് നല്‍കേണ്ടതെന്ന് പാര്‍ട്ടി സംസ്ഥാന മേധാവി സി ആര്‍ പാട്ടീല്‍ അഭിപ്രായപ്പെട്ടു. അഹമ്മദാബാദ്, വഡോദര, രാജ്‌കോട്ട്, ഭവ്‌നഗര്‍ മുനിസിപ്പാലിറ്റികളുടെ നടപടി പുറത്തുവന്ന സാഹചര്യത്തിലാണ് പാര്‍ട്ടി നേതൃത്വം ഇടപെട്ടത്. അതേസമയം പാട്ടീലിന്റെ അഭിപ്രായത്തോട് വിജോയിപ്പുള്ളവരാണ് വലിയൊരു വിഭാഗവും.

തെരുവിലൂടെ കടന്നുപോകുമ്പോള്‍ സസ്യേതര ഭക്ഷണം കാണുന്നത് മതവികാരം വ്രണപ്പെടുത്തുന്നുവെന്നും കുട്ടികളില്‍ മാനസികപ്രശ്‌നം ഉണ്ടാക്കുന്നുവെന്നും ആരോപിച്ചാണ് ചില നഗരങ്ങളില്‍ നിരോധനമേര്‍പ്പെടുത്തിയത്. സ്റ്റാളുകള്‍ വാഹനഗതാഗതം തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ചും കടകള്‍ പൊളിപ്പിക്കുന്നുണ്ട്. അനധികൃത നിര്‍മാണമാണെന്നാണ് ചിലയിടങ്ങളില്‍ പറയുന്ന കാരണം.

Tags:    

Similar News