അധോലോകവുമായി ബന്ധമില്ല; പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമെന്ന് നവാബ് മാലിക്
മുംബൈ: ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമത്തിലാണെന്ന് മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്. തനിക്ക് അധോലോകവുമായി ബന്ധമില്ലെന്നും എന്നാല്‍ ഫഡ്‌നാവിസിന് അത്തരം ബന്ധങ്ങളുണ്ടെന്നും അതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും നവാബ് മാലിക് പറഞ്ഞു.
ഫഡ്‌നാവിസിന്റെ വാര്‍ത്താസമ്മേളനത്തിനു തൊട്ടുപിന്നാലെയാണ് മാലിക് മാധ്യമങ്ങളെ കണ്ടത്.
തിനിക്ക് ദാവൂദിനെയോ ദാവൂദിന്റെ സഹോദരി ഹസീന പര്‍കറെയോ അറിയില്ലെന്ന് നവാബ് മാലിക് പറഞ്ഞു. പട്ടേലിന് അധോലോക ബന്ധമുണ്ടെന്നും അറിയില്ല.
'സ്‌ഫോടനക്കേസിലെ പ്രതികളുമായും അധോലോകവുമായും ബന്ധിപ്പിച്ച് എന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനാണ് ഫഡ്‌നാവിസ് ശ്രമിക്കുന്നത്. എനിക്ക് അധോലോകവുമായി യാതൊരു ബന്ധവുമില്ല, സ്‌ഫോടനക്കേസിലെ പ്രതികളില്‍ നിന്ന് ഭൂമി വാങ്ങിയിട്ടില്ല. ഹസീന പാര്‍ക്കറിനെ എനിക്കറിയില്ല. ഗോവാല കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സലിം പട്ടേലിനായിരുന്നു. പട്ടേലിന് അധോലോകവുമായി ബന്ധമുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. 300 മീറ്റര്‍ പ്ലോട്ടില്‍ ഉടമസ്ഥാവകാശം സര്‍ദാര്‍ ഖാനായിരുന്നു. അത് വിട്ടുനല്‍കുന്നതിനാണ് അണം നല്‍കിയത്.
ആ ഭൂമിയില്‍ ഞങ്ങള്‍ താമസിച്ചിരുന്നു. അത് വിറ്റഴിക്കാന്‍ ഉടമസ്ഥന്‍ ആഗ്രഹിച്ചു. സര്‍ദാര്‍ ഖാന്‍ ആ ഭൂമിയുടെ ഉടമയാണ്. ഗോവ്വാല കോംപൗണ്ടില്‍ ഇപ്പോഴും അദ്ദേഹത്തിന് വീടുണ്ട്. അദ്ദേഹത്തിന്റെ പിതാവ് അവിടെ കാവല്‍ക്കാരനായിരുന്നു. ആ ഭൂമിയുടെ രേഖയില്‍ നിന്ന് പേര് മാറ്റാനായിരുന്നു പണം നല്‍കിയത്'- അദ്ദേഹം പറഞ്ഞു.
മുംബൈ സ്‌ഫോടനക്കേസിലെ പ്രതിയായ സലിം പട്ടേലില്‍ നിന്ന് മാലിക് ഭൂമി വാങ്ങിയെന്നും സലിം പട്ടേല്‍ ദാവൂദ് ഇബ്രാഹിമിന്റെ ബിനാമിയാണെന്നുമായിരുന്നു ഫഡ്‌നാവിസ് ആരോപിച്ചത്.
ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റിനു ശേഷമാണ് മഹാരാഷ്ട്രയില്‍ വിവിധ നേതാക്കള്‍ക്കെതിരേയുള്ള ആരോപണങ്ങളും അതുസംബന്ധിച്ച വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടത്.