കോണ്‍ഗ്രസ്സിലേക്കില്ല; ക്ഷണം നിരസിച്ച് പ്രശാന്ത് കിഷോര്‍

Update: 2022-04-26 11:35 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സില്‍ ചേരാനുള്ള ദേശീയ നേതൃത്വത്തിന്റെ ക്ഷണം നിരസിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. കോണ്‍ഗ്രസ്സിനെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള  പ്രശാന്ത് കിഷോറിനെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ദേശീയ നേതൃത്വത്തിന്റെ ശ്രമങ്ങള്‍ക്ക് ഇതോടെ അന്ത്യമായി. എംപവര്‍ ഗ്രൂപ്പുമായി ചേര്‍ന്നുനിന്ന് കോണ്‍ഗ്രസ്സിനെ അടുത്ത പൊതുതിരഞ്ഞെടുപ്പിലേക്ക് നയിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസ്സിലേക്ക് ക്ഷണിച്ചത്.

തന്റെ അഭിപ്രായത്തില്‍ പാര്‍ട്ടിക്ക് വേണ്ടത് ശക്തമായ കൂട്ടായ നേതൃത്വമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രശാന്ത് കിഷോറുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് എംപവര്‍ ഗ്രൂപ്പിന് രൂപം നല്‍കിയത്. പാര്‍ട്ടിയുടെ ഭാഗമായി നിന്ന് എംപവര്‍ ഗ്രൂപ്പിനെ നയിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത്. 

കഴിഞ്ഞ മാസം അദ്ദേഹം സോണിയാഗാന്ധിയുമായി ഇതുസംബന്ധിച്ച നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

തൃണമൂലും ടിആര്‍എസ്സുമായും പ്രശാന്ത് കിഷോറിനുള്ള ശക്തമായ ബന്ധത്തിന്റെ പേരില്‍ പലര്‍ക്കും ഇദ്ദേഹത്തോട് കടുത്ത വിയോജിപ്പുണ്ടായിരുന്നു. പുതുതായി വരുന്ന ഒരാള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുന്നതിനെ എതിര്‍ക്കുന്ന നിരവധി നേതാക്കളും പാര്‍ട്ടിയിലുണ്ട്. ദിഗ് വിജയസിങ്, മുകുള്‍ വാസ്‌നിക്, രന്‍ദീപ് സര്‍ജെവാല, ജെയ്‌റാം രമേശ് തുടങ്ങിയവര്‍ ഈ നിലപാടുകാരാണ്. ഇതോടെ രണ്ട് വിഭാഗങ്ങള്‍ക്കും പ്രശാന്ത് കിഷോര്‍ അനഭിമതനായി.

Tags:    

Similar News