കൊവിഡ് പ്രതിരോധ കുത്തിവയ്‌പ്പെടുത്ത കുട്ടി മരിച്ച സംഭവം;മഹാരാഷ്ട്ര സര്‍ക്കാരിനും സിറം ഇന്‍സ്റ്റിറ്റിയൂട്ടിനും ബില്‍ ഗേറ്റ്‌സിനും നോട്ടിസയച്ച് ബോംബെ ഹൈക്കോടതി
പെണ്‍കുട്ടി മരണപ്പെട്ട സംഭവത്തില്‍ 1000 കോടി രൂപ നഷ്ടപരിഹാരം ലഭിക്കണമെന്നാണ് പിതാവിന്റെ ആവശ്യം
ജസ്റ്റിസ് സഞ്ജയ് വി ഗംഗാപൂര്‍വാല, ജസ്റ്റിസ് മാധവ് ജെ ജംദര്‍ എന്നിവരുടെ ബെഞ്ചായിരുന്നു ഹരജി പരിഗണിച്ചത്. നവംബര്‍ 17 ന് ഹരജി വീണ്ടും പരിഗണിക്കും. ഇതിന് മുമ്പ് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ്.വാക്‌സിന്‍ എടുത്തതിനെ തുടര്‍ന്നുണ്ടായ പാര്‍ശ്വഫലങ്ങള്‍ മൂലമാണ് മകള്‍ മരിച്ചതെന്നാണ് പെണ്‍കുട്ടിയുടെ പിതാവായ ദിലീപ് ലുനാവതിന്റെ ഹരജിയിലെ ആരോപണം.
നാഷികില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്ന തന്റെ മകള്‍ സ്‌നേഹല്‍ കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകളും എടുത്തിരുന്നുവെന്നും, ഇതിനേ തുടര്‍ന്നുണ്ടായ പാര്‍ശ്വഫലങ്ങള്‍ കാരണം മാര്‍ച്ച് ഒന്നിന് മരിക്കുകയായിരുന്നുവെന്ന് ലുനാവത് ആരോപിച്ചു.കൊവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്നതിനുള്ള സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ശ്രമങ്ങള്‍ക്ക് ബില്‍ ഗേറ്റ്‌സ് ധനസഹായം നല്‍കിയിരുന്നു. ഇതിനാലാണ് കേസില്‍ ബില്‍ഗേറ്റ്‌സിനേയും ഉള്‍പ്പെടുത്തിയതെന്ന് ലുനാവത് പ്രതികരിച്ചു.