ഇന്ധനവില: കേന്ദ്രസര്‍ക്കാരിന്റേത് പ്രതിഷേധം തണുപ്പിക്കാനുള്ള അടവുനയം മാത്രമെന്ന് എസ്ഡിപിഐ
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 60 രൂപയിലധികം വര്‍ധിപ്പിച്ചിട്ട് അഞ്ചു രൂപ കുറച്ചത് ആഘോഷമാക്കുന്നത് വിഡ്ഢിത്തമാണ്. നികുതി കുറയ്ക്കില്ലെന്ന ധനമന്ത്രി കെഎം ബാലഗോപാലിന്റെ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്
തിരുവനന്തപുരം: ഇന്ധന വില ദിനേന വര്‍ധിപ്പിച്ച് പൊറുതി മുട്ടിയ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയപ്പോള്‍ അത് തണുപ്പിക്കാനുള്ള അടവുനയം മാത്രമാണ് നാമമാത്രമായി എക്‌സൈസ് തിരുവ കുറച്ച് ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തതെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പിആര്‍ സിയാദ്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 60 രൂപയിലധികം വര്‍ധിപ്പിച്ചിട്ട് അഞ്ചു രൂപ കുറച്ച് അത് ആഘോഷമാക്കുന്നത് വിഡ്ഢിത്തമാണ്. ഇന്ധനവില ക്രമാതീതമായി വര്‍ധിപ്പിക്കുന്നതിനെതിരേ പൊതുജനങ്ങളുടെ പ്രതിഷേധം രൂക്ഷമായതോടെയാണ് നികുതി കുറക്കാന്‍ കേന്ദ്രം നിര്‍ബന്ധിതമായത്. വിവിധ നിയമസഭ, ലോക്‌സഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയും കേന്ദ്രത്തെ നികുതി കുറക്കാന്‍ നിര്‍ബന്ധിതമാക്കി.
റാബി സീസണു മുന്നോടിയായി ഇന്ധനവില കുറയുന്നതു കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം തണുപ്പിക്കുമെന്ന വ്യാമോഹവും കേന്ദ്ര സര്‍ക്കാരിനുണ്ട്. സി.എ.ജി. റിപോര്‍ട്ട് പ്രകാരം 2021 ഏപ്രില്‍ സെപ്റ്റംബര്‍ വരെ 1.71 ലക്ഷം കോടി രൂപയായിരുന്നു എക്‌സൈസ് തീരുവ വരുമാനം. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ ഇത് 1.28 ലക്ഷം കോടിയായിരുന്നു. വിമാന ഇന്ധന വിലയേക്കാള്‍ 30 ശതമാനം അധികം വിലയാണ് പെട്രോളിനും ഡീസലിനും ഉപഭോക്താക്കള്‍ നല്‍കേണ്ടത്. വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന് (എടിഎഫ്) 79 രൂപയാണ് ലിറ്ററിന് വില. പാചകവാതക സബ്‌സിഡി എടുത്തുകളഞ്ഞതും ഗാര്‍ഹിക പാചകവാതകത്തിന്റെ വില മൂന്നിരട്ടിയാക്കി ഇപ്പോള്‍ 1000 രൂപയോളം വര്‍ധിച്ചതും നോട്ട് നിരോധനം ഏല്‍പ്പിച്ച സാമ്പത്തിക തകര്‍ച്ചയിലും കൊവിഡ് മഹാമാരിയുടെ ആഘാതത്തിലും ദുരിതം പേറുന്ന ജനങ്ങളില്‍ അധികഭാരം ഏല്‍പ്പിക്കുകയാണ് ചെയ്തത്. വാചകമടി നിര്‍ത്തി പാചകവാതകത്തിന്റെയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും വില നിയന്ത്രിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇന്ധനവില വര്‍ധനവില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് പറയുകയും കേവലം അഞ്ച് രൂപ കുറയ്ക്കുമ്പോള്‍ ആഘോഷമാക്കുകയും ചെയ്യുന്നത് തിരിച്ചറിയാനുള്ള ബുദ്ധി ജനങ്ങള്‍ക്കുണ്ട്. അധിക നികുതി കുറച്ച് ഇന്ധനവില നിയന്ത്രിക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്. നികുതി കുറയ്ക്കില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും പി ആര്‍ സിയാദ് വാര്‍ത്താക്കുറുപ്പില്‍ വ്യക്തമാക്കി.