പുതിയ പാലത്തെ നോക്കു കുത്തിയാക്കി തകര്‍ച്ച നേരിടുന്ന പഴയ പാലത്തില്‍ ടാറിങ്; പ്രതിഷേധം ശക്തം

മാളയില്‍ നിന്നും കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, തൃശ്ശൂര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പുത്തന്‍ചിറ വഴിക്കുള്ള റോഡില്‍ കരിങ്ങോള്‍ച്ചിറയിലാണ് പുതിയ പാലത്തിന് പകരം പഴയ പാലത്തിലൂടെ ഗതാഗതം നടത്താനായി ബിഎംബിസി ടാറിങ് നടത്തുന്നത്.

Update: 2020-06-23 13:58 GMT

മാള: കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ പാലത്തെ നോക്കു കുത്തിയാക്കി തകര്‍ച്ച നേരിടുന്ന പഴയ പാലത്തില്‍ ടാറിങ് നടത്തുന്നതിനെതിരേ പ്രതിഷേധം.

മാളയില്‍ നിന്നും കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, തൃശ്ശൂര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പുത്തന്‍ചിറ വഴിക്കുള്ള റോഡില്‍ കരിങ്ങോള്‍ച്ചിറയിലാണ് പുതിയ പാലത്തിന് പകരം പഴയ പാലത്തിലൂടെ ഗതാഗതം നടത്താനായി ബിഎംബിസി ടാറിങ് നടത്തുന്നത്. വി എസ് അച്ചുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ഫണ്ടനുവദിച്ച് വിവാദങ്ങളും തടസ്സങ്ങളുമായി വര്‍ഷങ്ങള്‍ക്കൊടുവില്‍ പണി ഭൂരിഭാഗവും തീര്‍ത്ത പാലത്തിന് സമീപമുള്ള രാജഭരണകാലത്ത് നിര്‍മിച്ച വീതി കുറഞ്ഞതും ശോച്യാവസ്ഥയിലുമുള്ള പാലത്തിലാണിപ്പോള്‍ ടാറിങ് നടത്തുന്നത്.

പുതിയ പാലം ഉപയോഗയോഗ്യമാക്കാനായി സമീപത്തെ പള്ളിയുടെ സ്ഥലം കൂടി ആവശ്യമായി വരുന്നതിനാല്‍ വഖഫ് ബോര്‍ഡടക്കം ഇടപെടുകയും സ്ഥലം കൈമാറാന്‍ ധാരണയാവുകയും ചെയ്തിരുന്നു.

എന്നാല്‍, പിന്നീട് യാതൊരു നീക്കങ്ങളും ഇക്കാര്യത്തിലുണ്ടായില്ല. കൈവരികള്‍ തകര്‍ന്ന എപ്പോള്‍ വേണമെങ്കിലും തകര്‍ന്ന് വീഴാവുന്ന പാലത്തിലൂടെ വാഹനങ്ങള്‍ കൊണ്ടുപോകേണ്ട സാഹചര്യമാണിപ്പോഴുള്ളത്. പുത്തന്‍ചിറ അണ്ടാണിക്കുളം റോഡില്‍ പുതിയ റബ്ബറൈസ്ഡ് ടാറിങ് നടക്കുന്നതില്‍ കരിങ്ങോള്‍ചിറ ഭാഗത്ത് കോടികള്‍ മുടക്കി പണിത പാലത്തില്‍ കൂടി ടാറിംഗ് നടത്താതെ കാലപഴക്കം ചെന്ന കൈവരിപോലും തകര്‍ന്ന പഴയപാലത്തില്‍ കൂടി ടാറിംഗ് നടത്തുന്നതില്‍ കെപിഎംഎസ് പിണ്ടാണി കരിങ്ങോള്‍ചിറ ശാഖ കമ്മറ്റി പ്രതിഷേധിച്ചു. പി സി ബാബു അധ്യക്ഷത വഹിച്ചു.ടി കെ ഉണ്ണികൃഷ്ണന്‍. വി എസ് ശ്യാം കുമാര്‍ സംസാരിച്ചു. പുതിയ പാലത്തില്‍ കൂടി ടാറിംഗ് നടത്തുന്നതിന് അധികാരികളോട് യോഗം ആവശ്യപെട്ടു. 

Tags:    

Similar News