കൊവിഡ് 19; ഒമാനില്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് നീക്കി; മത്രയില്‍ തുടരും

Update: 2020-04-29 10:34 GMT

മസ്‌കത്ത്: കൊവിഡ് പ്രതിരോധത്തിനായി ഒമാനില്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് നീക്കി. ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക ചെക്ക്പോസ്റ്റുകള്‍ ബുധനാഴ്ച രാവിലെ മുതല്‍ അവസാനിപ്പിക്കുമെന്ന് റോയല്‍ ഒമാന്‍ പോലിസ് അറിയിച്ചു. എന്നാല്‍, മത്ര, ജഅലാന്‍, ബനീ ബു ആലി വിലായത്തുകളില്‍ യാത്രാ വിലക്ക് തുടരും. സുപ്രിം കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ ഒന്നു മുതലാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്.

സുല്‍ത്താന്‍ സായുധ സേനയും റോയല്‍ ഒമാന്‍ പോലിസും സംയുക്തമായാണ് നിയന്ത്രണം പ്രാബല്യത്തില്‍ വരുത്തിയത്. എന്നാല്‍ അത്യാവശ്യ യാത്രകള്‍ക്ക് അനുമതിയോടെ യാത്രക്ക് സൗകര്യം ഒരുക്കിയിരുന്നു. ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ യാത്രാ വിലക്കിനെ തുടര്‍ന്നു രാജ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും നിരത്തുകള്‍ വിജനമായിരുന്നു. ഇന്നു മുതല്‍ വീണ്ടും നഗരവും ഗ്രാമങ്ങളും ചലിച്ചു തുടങ്ങി. എന്നാല്‍, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും റോയല്‍ ഒമാന്‍ പോലിസ് ആവശ്യപ്പെട്ടു.കടകളില്‍ ഒരേസമയം രണ്ടു പേരില്‍ കൂടുതല്‍ പാടില്ല. പൊതു-സ്വകാര്യ വേദികളില്‍ കൂട്ടം കൂടാന്‍ അനുവദിക്കില്ല. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോന്ന് ഉറപ്പാക്കാന്‍ കര്‍ശന നിരീക്ഷണമുണ്ടാകും. സന്ദര്‍ശകര്‍ മാസ്‌കും ഗ്ലൗസും ധരിക്കണം. ചെറിയ വാഹനങ്ങളുടെ പ്രവേശനവും അനുവദിക്കില്ല. പൊതുജനങ്ങള്‍ക്ക് ഓലൈന്‍ സേവനം ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കും നഗരസഭ അറിയിച്ചു. നിലവില്‍ ഒമാനില്‍ ഇതുവരെ 36,000ല്‍ പരം കൊവിഡ് പരിശോധനകള്‍ നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.



Tags:    

Similar News