ഒമിക്രോണ്‍ ഭീതി: അതിര്‍ത്തി തുറക്കാനുള്ള തീരുമാനം ആസ്‌ത്രേലിയ അവസാന നിമിഷം ഉപേക്ഷിച്ചു

Update: 2021-11-29 10:25 GMT

സിഡ്‌നി: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടച്ച അന്താരാഷ്ട്ര അതിര്‍ത്തി ഭാഗികമായി തുറക്കാനുള്ള തീരുമാനം ആസ്‌ത്രേലിയ ഉപേക്ഷിച്ചു. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെയാണ് എടുത്ത തീരുമാനം റദ്ദാക്കിയത്. വിദ്യാര്‍ത്ഥികള്‍ക്കും വിദഗ്ധ തൊഴിലാളികള്‍ക്കും നിയന്ത്രണം ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസം ആസ്‌ത്രേലിയന്‍ ഭരണകൂടം തീരുമാനമെടുത്തിരുന്നു.

പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ യോഗത്തിലാണ് ഡിസംബര്‍ 1ഓടെ അതിര്‍ത്തി ഭാഗികമായി തുറക്കാനുള്ള തീരുമാനം രണ്ടാഴ്ച മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ 20 മാസമായി അതിര്‍ത്തി അടച്ചിട്ടത് രാജ്യത്ത് തൊഴിലാളി ക്ഷാമത്തിനും ടൂറിസം മേഖലയിലെ മന്ദതയ്ക്കും കാരണമായിരുന്നു.

ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് അതിര്‍ത്തി വീണ്ടും അടയ്ക്കുന്നതെന്ന് മോറിസന്‍ പറഞ്ഞു. ആസ്‌ത്രേലിയയില്‍ ഇതുവരെ 5 പേര്‍ക്കാണ് ഒമിക്രോണ്‍ ബാധിച്ചത്. 

Tags:    

Similar News