സംഭവിച്ചത് സംഭവിച്ചു; കഴിഞ്ഞ തെറ്റുകള്‍ മറന്ന് നല്ല ജീവിതം ആരംഭിക്കാം; ജനങ്ങളോട് മാപ്പ് പറഞ്ഞ് മണിപ്പൂര്‍ മുഖ്യമന്ത്രി
മെയ്‌തേയ്, കുക്കി സമുദായങ്ങള്‍ തമ്മിലുള്ള വംശീയ അക്രമത്തെ മുന്‍നിര്‍ത്തിയായിരുന്നു പ്രസ്താവന
മണിപ്പൂര്‍: സംസ്ഥാനത്തെ ജനങ്ങളോട് മാപ്പ് പറഞ്ഞ് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്. 2023 മെയ് മുതല്‍ സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ വംശീയ അക്രമങ്ങളില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
'ഈ വര്‍ഷം മുഴുവന്‍ വളരെ നിര്‍ഭാഗ്യകരമായിരുന്നു. കഴിഞ്ഞ മെയ് 3 മുതല്‍ ഇന്നുവരെ സംഭവിക്കുന്ന കാര്യങ്ങളില്‍ എനിക്ക് ഖേദമുണ്ട്, സംസ്ഥാനത്തെ ജനങ്ങളോട് ഖേദം പ്രകടിപ്പിക്കുകയാണ്. നിരവധി ആളുകള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. പലരും വീടുവിട്ടിറങ്ങി. എനിക്ക് ശരിക്കും ഖേദം തോന്നുന്നു. ഞാന്‍ ക്ഷമ ചോദിക്കാന്‍ ആഗ്രഹിക്കുന്നു,' സിങ് പറഞ്ഞു.
2025 പുതുവര്‍ഷത്തോടെ സംസ്ഥാനത്ത് സാധാരണ നിലയും സമാധാനവും പുനഃസ്ഥാപിക്കുമെന്നും സംഭവിച്ചത് സംഭവിച്ചു, നമ്മള്‍ ഇപ്പോള്‍ കഴിഞ്ഞ തെറ്റുകള്‍ മറന്ന് ഒരു പുതിയ ജീവിതം ആരംഭിക്കേണ്ടതുണ്ടെന്നും സിങ് വ്യക്തമാക്കി. മെയ്‌തേയ്, കുക്കി സമുദായങ്ങള്‍ തമ്മിലുള്ള വംശീയ അക്രമത്തെ മുന്‍നിര്‍ത്തിയായിരുന്നു പ്രസ്താവന.