ഏകാധിപതിയോ പോരാളിയോ? എന്തായിരുന്നു ശേഷന്‍ ഇഫക്ട് ?
ഇന്ന് ഇന്ത്യയില്‍ കാണുന്ന പല തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളും കൊണ്ടുവന്നത് ശേഷനാണ്. ഒരു പരിധിവരെ അദ്ദേഹം ആ സംവിധാനത്തെ അഴിമതി മുക്തമാക്കാന്‍ ശ്രമിച്ചു. ഒപ്പം ഒരു ഏകാധിപതിയുടെ ചില ലക്ഷണങ്ങളും അദ്ദേഹം പ്രദര്‍ശിപ്പിച്ചു.
ഇന്ത്യയില്‍ ധാരാളം തിരഞ്ഞെടുപ്പ് കമ്മിഷ്ണര്‍മാരുണ്ടായിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ തിരഞ്ഞെടുപ്പ് കമ്മിഷ്ണര്‍ സുകുമാര്‍ സെന്നിനെ പോലുളളവര്‍ ലോകത്തിനു തന്നെ മാതൃകയായിരുന്നു. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ അലകും പിടിയും സൃഷ്ടിച്ചതു തന്നെ അദ്ദേഹമാണ്. അതിനുവേണ്ടി സ്വന്തമായി ഒരു മാതൃക തന്നെ അദ്ദേഹത്തിന് സൃഷ്ടിക്കേണ്ടിവന്നു. സുഡാനിര്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ആ രാജ്യം അദ്ദേഹത്തിന്റെ സേവനം തേടിയെന്നതുതന്നെ അത് തെളിയിക്കുന്നുണ്ട്.
എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തനായിരുന്നു ഇന്ത്യയുടെ പത്താമത് തിരഞ്ഞെടുപ്പ് കമ്മിഷ്ണറായിരുന്ന ടി എന്‍ ശേഷന്‍. ഇന്ത്യന്‍ രാഷ്ട്രീയം അതിന്റെ ക്രിമിനല്‍വല്‍ക്കരണത്തിന്റെ ഏറ്റവും ഭീതിദമായ അവസ്ഥയിലൂടെ കടന്നുപോയ കാലത്താണ് അദ്ദേഹം നിയമിതനായത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷ്ണറായി അദ്ദേഹം ആറ് വര്‍ഷം സേവനമനുഷ്ടിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷ്ണര്‍ എന്ന തസ്തിക ഉണ്ടെന്നു പോലും ഇന്ത്യക്കാര്‍ മനസ്സിലാക്കിയത് ശേഷന്റെ കാലത്താണ് എന്നുപറയാം. അക്കാലത്ത് നടന്ന ഒരു സര്‍വ്വെയില്‍ ഇന്ത്യയിലെ രണ്ടില്‍ മൂന്നു ശതമാനം പേര്‍ക്കും ശേഷന്‍ പരിചിതനാമമാണെന്ന് കണ്ടെത്തുകയുണ്ടായി. ഗ്രാമീണമേഖലയില്‍ പോലും അദ്ദേഹത്തിന്റെ പ്രഭാവം ശക്തമായിരുന്നു. അതിനെ പത്രങ്ങള്‍ ശേഷന്‍ പ്രഭാവമെന്നാണ് വിളിച്ചിരുന്നത്.
തീര്‍ച്ചയായും ശേഷനെ കുറിച്ചുള്ള നിലപാടുകളില്‍ ഐക്യരൂപമുണ്ടായിരുന്നില്ല. ചിലര്‍ അദ്ദേഹത്തെ രാഷ്ട്രീയത്തിലെ കുറ്റവാളികള്‍ക്കും കള്ളപ്പണക്കാര്‍ക്കുമെതിരേ വാളോങ്ങിയ പോരാളിയായി കണ്ടപ്പോള്‍ ചിലര്‍ ഏകാധിപതിയായ ഉദ്യോഗസ്ഥനായി മനസ്സിലാക്കി.
തിരുനെല്ലായ് നാരായണ അയ്യര്‍ ശേഷന്‍ 1955 ലാണ് ഐഎഎസ്സില്‍ എത്തുന്നത്. വിവിധ തസ്തികകളില്‍ ജോലി ചെയ്ത ശേഷം അദ്ദേഹം രാജീവ് ഗാന്ധിയുടെ കീഴില്‍ 1988 ല്‍ പ്രതിരോധ മന്ത്രാലയത്തിലെ സെക്രട്ടറിയായി. ഇക്കാലത്താണ് കുപ്രസിദ്ധമായ ബോഫോഴ്‌സ് കേസ് ഉണ്ടാകുന്നത്. ആ കേസില്‍ രാജീവ് ഗാന്ധിയെയും കോണ്‍ഗ്രസ്സിനെയും വേണ്ട വിധം 'കാത്തുരക്ഷിച്ച' ശേഷനെ രാജീവ് ഗാന്ധി, കാബിനറ്റ് സെക്രട്ടറിയാക്കി. ഏഴ് മാസത്തിനുശേഷം അധികാരത്തില്‍ വന്ന വി പി സിങ് അദ്ദേഹത്തെ തരം താഴ്ത്തി പ്ലാനിങ് കമ്മിഷനിലേക്ക് അയച്ചു.
വി പി സിങ്ങിനു ശേഷം അധികാരത്തിലെത്തിയ ചന്ദ്രശേഖറാണ് ശേഷനെ 1990 ഡിസംബറില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷ്ണറാക്കുന്നത്. ഇക്കാലത്ത് വി പി സിങ്ങിന്റെ ജനതാദളിനെ അദ്ദേഹം പ്രത്യേകം 'ശ്രദ്ധിച്ചു'. ദുര്‍ബലമായ കാരണങ്ങള്‍ പറഞ്ഞ് നിരവധി തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കിയത് ഇക്കാലത്താണ്. തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് തൊട്ടുമുമ്പ് പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പു തന്നെ മാറ്റിവച്ചു. അദ്ദേഹത്തിന്റെ അധികാരപ്രയോഗം പലരെയും ക്രൂദ്ധരാക്കി. 1992 ല്‍ ഇടതുപക്ഷം ശേഷനെ പാര്‍ലമെന്റില്‍ ഇംപീച്ച് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നരസിംഹറാവു രക്ഷക്കെത്തിയതുകൊണ്ട് അത് പാളിപ്പോയി.
ഏത് സമയത്ത് എന്താണ് ചെയ്യുകയെന്ന് ഉറപ്പില്ലാത്ത ഒരു ഉദ്യോഗസ്ഥനാണ് ശേഷന്‍ എന്നാണ് പൊതുവിലയിരുത്തല്‍. പ്രവചനാതീതമായ പെരുമാറ്റം കൊണ്ട് അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വത്തെ അമ്പരപ്പിച്ചു. ഒടുവില്‍ അദ്ദേഹത്തെ നിലക്കുനിര്‍ത്താന്‍ മാത്രം സര്‍ക്കാര്‍ രണ്ട് പേരെ കൂടി കമ്മിഷനിലേക്ക് നോമിനേറ്റ് ചെയ്തു. ഇതിനെതിരേ ശേഷന്‍ കോടതിയിലേക്ക് പോയെങ്കിലും വിധി ശേഷനെതിരായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുന്നതിലും സ്വന്തം ഇമേജിലുമാണ് ശേഷന് ശ്രദ്ധയെന്ന് കോടതി വിമര്‍ശിക്കുക മാത്രമല്ല, മൂന്ന് കമ്മിഷ്ണര്‍മാര്‍ക്കും ഒരേ അധികാരമാണെന്നും വിധിച്ചു.
ഇതൊക്കെയാണെങ്കിലും ശേഷന്‍ പ്രകടിപ്പിച്ച കര്‍മ്മശേഷിയാണ് ശേഷന്‍ പ്രഭാവമെന്ന വിശേഷണത്തിനു പിന്നില്‍ എന്ന പറയാം. അദ്ദേഹം ഒരു പരിധിവരെ തിരഞ്ഞെടുപ്പ് സംവിധാനത്തെ അടിമുടി തൂത്തുതുടച്ചു.
അക്കാലത്ത് പോളിങ് ബൂത്തുകളില്‍ വ്യാപകമായിരുന്ന ബൂത്ത് പിടുത്തത്തെ നിയന്ത്രിക്കാന്‍ അദ്ദേഹത്തിനായി. ഉത്തര്‍പ്രേദശില്‍ 1991 മുതല്‍ 1993 വരെയുള്ള കാലത്ത് ഉണ്ടായ ബൂത്ത് പിടുത്തത്തിലെ കുറവ് ഇത് തെളിയിക്കും. ബുത്ത് പിടുത്തം 873 ല്‍ നിന്ന് 255 ആയി കുറഞ്ഞു. തിരഞ്ഞെടുപ്പ് ദിനത്തിലുണ്ടാവുന്ന മരണങ്ങള്‍ മുന്‍ തിരഞ്ഞെടുപ്പില്‍ 36 ആയിരുന്നത് മൂന്നായി കുറഞ്ഞു.
തൊണ്ണൂറുകളിലെ ഇന്ത്യ വര്‍ഗീയ അസ്വസ്ഥതകള്‍കൊണ്ട് പ്രശ്‌നകലുഷിതമായിരുന്നു. എന്നിട്ടും ഇക്കാലത്ത് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിക്കൊണ്ട് കൂടുതല്‍ പേരെ പോളിങ് സ്‌റ്റേഷനിലേക്ക് ആകര്‍ഷിക്കാന്‍ അദ്ദേഹത്തിനായി. ഇക്കാലയളവില്‍ ഉത്തര്‍പ്രദേശില്‍ മാത്രം പോളിങ് ശതമാനത്തില്‍ 10 പോയിന്റ് വര്‍ധനവാണ് ഉണ്ടായത്.
കൂടുതല്‍ നിരീക്ഷകരെ നിയോഗിച്ച് പോളിങ് പ്രക്രിയയെ ഒരു പരിധിവരെ അഴിമതിരഹിതവും സുതാര്യവുമാക്കുന്നതിനുള്ള ശ്രമം നടക്കുന്നത് ഇക്കാലത്താണ്. പ്രശ്‌നക്കാരായ നിരവധിപേര്‍ മുന്‍കരുതല്‍ അറസ്റ്റിന് വിധേയമായി. 1996 കാലത്ത് ഇന്ത്യയിലാകമാനം 300000 പേരാണ് ഇങ്ങനെ തടവിലായത്. ഉത്തര്‍പ്രദേശില്‍ മാത്രം 125000 പേര്‍. പോളിങ് സ്‌റ്റേഷനു പുറത്ത് നടക്കുന്ന അക്രമങ്ങള്‍ ഒരു പരിധിവരെ കുറക്കാന്‍ ഈ നീക്കത്തിനു കഴിഞ്ഞു. പോളിങ് ബൂത്തുകളില്‍ നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തലത്തില്‍ രണ്ടാമത് പോളിങ് നടത്തേണ്ടി വന്നത് 1996 ല്‍ 1056 ബൂത്തുകളിലാണെങ്കില്‍ 1991 അത് 2614 ആയിരുന്നു.
മാതൃകാ പെരുമാറ്റച്ചട്ടം നിര്‍ബന്ധമാക്കിയതായിരുന്നു ശേഷന്റെ മറ്റൊരു സംഭാവന. അദ്ദേഹം ഇക്കാര്യത്തില്‍ ഒരു യുദ്ധം തന്നെ നടത്തി. തന്റെ മകനുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതിനെ തുടര്‍ന്ന് ഒരു ഗവര്‍ണര്‍ക്ക് സ്ഥാനം നഷ്ടമായി. മധ്യപ്രദേശ് ഗവര്‍ണര്‍ക്കാണ് അതിന്റെ പേരില്‍ രാജി വെച്ചൊഴിയേണ്ടിവന്നത്. ശേഷന്‍ അവിടത്തെ തിരഞ്ഞെടുപ്പും റദ്ദാക്കി.
തിരഞ്ഞെടുപ്പ് ചെലവ് നിയന്ത്രിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തുടങ്ങിയതും ഇക്കാലത്താണ്. പാര്‍ട്ടികള്‍ അവരുടെ വരവ് ചിലവ് കണക്കുകള്‍ ഹാജരാക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. വലിയ റാലികള്‍, തിളങ്ങുന്ന പ്രചരണതന്ത്രങ്ങള്‍ ഇതൊക്കെ കമ്മിഷന്‍ നിയന്ത്രിച്ചു. പോളിങ് സ്‌റ്റേഷനിലേക്ക്് വോട്ടര്‍മാരെ ആട്ടിത്തെളിച്ച് കൊണ്ടുപോവുക തുടങ്ങിയവയും അവസാനിപ്പിച്ചു. ഇന്ന് ഇന്ത്യയില്‍ കാണുന്ന പല തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളും കൊണ്ടുവന്നത് ശേഷനാണ്. ഒരു പരിധിവരെ അദ്ദേഹം ആ സംവിധാനത്തെ അഴിമതി മുക്തമാക്കാന്‍ ശ്രമിച്ചു. ഒപ്പം ഒരു ഏകാധിപതിയുടെ ചില ലക്ഷണങ്ങളും അദ്ദേഹം പ്രദര്‍ശിപ്പിച്ചു.