കോഴിക്കോട്: കരിയാത്തുംപാറ-തോണിക്കടവ് വിനോദസഞ്ചാര കേന്ദ്രത്തില്‍ വിപുലമായ ഓണാഘോഷം നടത്തുമെന്ന് കെ എം സച്ചിന്‍ദേവ് എംഎല്‍എ പറഞ്ഞു. എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ടൂറിസം സെന്ററിനെ പുറംലോകം അറിയുക എന്ന ലക്ഷ്യത്തോടെ 'തോണിക്കാഴ്ച്ച 2022' എന്ന പേരിലാണ് പരിപാടി നടത്തുക. സെപ്റ്റംബര്‍ ആറ്, ഏഴ് തിയതികളില്‍ വൈകുന്നേരം മൂന്ന് മണി മുതല്‍ ഏഴ് വരെ പ്രശസ്ത സിനിമ, ടി.വി താരങ്ങളെ ഉള്‍പ്പെടുത്തി കലാവിരുന്ന് നടത്തും. ഇതിന്റെ ഭാഗമായി ഭക്ഷ്യ വിപണന മേളയും ഒരുക്കും.
പ്രദേശത്തെ ടൂറിസം സാധ്യതകള്‍ കണക്കിലെടുത്ത് വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ വിശാലമായ ആംഫി തീയേറ്ററോടു കൂടി നിര്‍മിച്ച ടൂറിസം സെന്റര്‍ 2021 ഒക്ടോബറിലാണ് സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്.
എം.എല്‍.എ ചെയര്‍മാനും ജില്ലാ കലക്ടര്‍ കണ്‍വീനറും, കുറ്റിയാടി ജലസേചന എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജോയിന്റ് കണ്‍വീനറും കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ അംഗങ്ങളായുള്ള കരിയാത്തുംപാറ തോണിക്കടവ് ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിയാണ് സെന്ററിന്റെ പരിപാലനം നടത്തുന്നത്.
യോഗത്തില്‍ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, കുറ്റിയാടി ജലസേചന പദ്ധതി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജയരാജന്‍ കണിയേരി, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, ടി.എം.സി അംഗങ്ങള്‍, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.