തൃശൂര്‍: സ്വര്‍ണ്ണവര്‍ണ്ണനിറവും രുചിയും കൊണ്ട് വിപണി കീഴടക്കുന്ന ചെങ്ങാലിക്കോടന് പ്രത്യേക പരിഗണന നല്‍കി വരവൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ഓണച്ചന്ത. ചെങ്ങാലിക്കോടന്‍ സ്‌പെഷ്യല്‍ ഓണച്ചന്തയാണ് പഞ്ചായത്തും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 6 വരെ പഞ്ചായത്ത് സ്‌റ്റേജിനോട് ചേര്‍ന്നാണ് വിപണനമേള.
വരവൂരിലെ സൂര്യ കുടുംബശ്രീയുടെ സുമ ജെഎല്‍ജി ഗ്രൂപ്പിലെ നാല് സംരംഭകരാണ് ചന്തയിലേക്ക് ചെങ്ങാലിക്കോടന്‍ എത്തിക്കുന്നത്. രണ്ട് ഏക്കര്‍ ഭൂമിയില്‍ 2000 നേന്ത്രവാഴകളാണ് കൃഷി ചെയ്തത്. സൈനബ, ഫാത്തിമ, നബീസ, ഗീത എന്നീ സംരംഭകരുടെ ഒരു വര്‍ഷത്തെ കഠിനാധ്വാനമാണ് ചന്തയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. കിലോയ്ക്ക് 75 രൂപയാണ് ചെങ്ങാലിക്കോടന്‍ നേന്ത്രക്കായയ്ക്ക് (പച്ച ) ഈടാക്കുന്നത്. നേന്ത്രപ്പഴം കിലോയ്ക്ക് 80 രൂപ. ചെങ്ങാലിക്കോടന്‍ പായസവും ഇവിടെ ലഭ്യമാണ്. ഒരു ഗ്ലാസ് പായസത്തിന് 20 രൂപ.
വിപണനമേളയില്‍ കുടുംബശ്രീ സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ ഭക്ഷ്യവിഭവങ്ങളുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. മുളയരി പായസം, കുമ്പളങ്ങ പായസം എന്നിവയും ചന്തയില്‍ ലഭ്യമാണ്. ജാം, കേക്ക്, ബിരിയാണി, മുള ഉല്‍പ്പന്നങ്ങള്‍, പനം പൊടി എന്നിവയാണ് മേളയിലെ ആകര്‍ഷകമായ മറ്റ് വിഭവങ്ങള്‍. കൂടാതെ ലൈവ് ചിപ്‌സ്, കുടുംബശ്രീ, ജെ എല്‍ ജി ഗ്രൂപ്പുകളില്‍ നിന്നുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍, വിവിധ ഇനം പച്ചക്കറികള്‍ എന്നിവയും ചന്തയില്‍ ലഭിക്കും. പഞ്ചായത്തിലെ എല്ലാ ജെഎല്‍ജി ഗ്രൂപ്പുകളും വിപണനമേളയുമായി സഹകരിക്കുന്നുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സുനിതയുടെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു.