മലപ്പുറം: ഓണം പ്രമാണിച്ച് അടുത്ത ഞായറാഴ്ച (ഓഗസ്റ്റ് 30) ലോക്ക് ഡൗണ്‍ ഒഴിവാക്കാന്‍ ജില്ലാ കലകടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ഓണത്തോടനുബന്ധിച്ച് കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ഷകരില്‍ നിന്ന് കാര്‍ഷികോത്പന്നങ്ങള്‍ നേരിട്ട് സംഭരിച്ച് കുറഞ്ഞ വിലയില്‍ വില്‍ക്കുന്ന പഴം, പച്ചക്കറികള്‍ വില്‍ക്കുന്ന വിപണന കേന്ദ്രങ്ങള്‍ അനുവദിക്കാനും യോഗം തീരുമാനിച്ചു.
പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിപണനം നടത്തേണ്ടത്. സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമായും പാലിക്കണം. കിറ്റുകള്‍ ആവശ്യക്കാര്‍ക്ക് വീടുകളിലേക്കെത്തിക്കുന്നതിനുള്ള സൗകര്യങ്ങളൊരുക്കും. കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കുന്നതോടൊപ്പം ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ ഉത്പന്നങ്ങള്‍ നല്‍കുന്നതിനുമാണ് സര്‍ക്കാര്‍ പരിഗണന നല്‍കുന്നത്.
യോഗത്തില്‍ എ.ഡി.എം എന്‍.എം മെഹറലി, സബ്കലക്ടര്‍ കെ.എസ് അഞ്ജു, ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് (ഇന്‍ ചാര്‍ജ്), ഡെപ്യൂട്ടി കലക്ടര്‍(ഡി.എം) പി.എന്‍ പുരുഷോത്തമന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ പി.ടി ഗീത, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ. രാജന്‍, എന്‍.എച്ച്.എം പ്രൊജക്ട് മാനേജര്‍ ഡോ.എ. ഷിബുലാല്‍, പി.എ.യു പ്രൊജക്ട് കോര്‍ഡിനേറ്റര്‍ പ്രീതി മേനോന്‍, ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ഇ.ടി രാകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.