കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; പിടിച്ചെടുത്തത് ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി. മലപ്പുറം വണ്ടൂര്‍ സ്വദേശി മുസാഫിര്‍ അഹ്മദില്‍ നിന്നാണ് ഒന്നര കിലോയിലധികം സ്വര്‍ണം പിടികൂടിയത്. 93 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം ഇസ്തിരിപ്പെട്ടിക്കുള്ളില്‍ വച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.
അബുദാബിയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ എത്തിയ ഇയാള്‍ കസ്റ്റംസ് പരിശോധന വെട്ടിച്ച് പുറത്തിറങ്ങിയിരുന്നു. എന്നാല്‍, സ്വര്‍ണക്കടത്തിനെപ്പറ്റി പോലിസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് മുസാഫിറിനെ പോലിസ് ചോദ്യം ചെയ്തു. തുടര്‍ന്നാണ് സ്വര്‍ണക്കടത്ത് പുറത്തായത്. അയണ്‍ ബോക്‌സിന്റെ ഹീറ്റിങ് കോയിലിന്റെ കേസിനകത്ത് ഇരുമ്പ് ഉരുക്കിയൊഴിച്ച് സ്വര്‍ണം കടത്താനായിരുന്നു ശ്രമം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 42ആം തവണയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് സ്വര്‍ണം പിടികൂടിയത്.