മലപ്പുറം ജില്ലയില്‍ ഒരാള്‍ കൂടി കൊവിഡ് വിമുക്തനായി; രോഗം ഭേദമായത് ഒഴൂര്‍ കുറുവട്ടിശ്ശേരി സ്വദേശിയായ യുവാവിന്
മലപ്പുറം: കൊവിഡ് 19 ബാധിച്ച് വിദഗ്ധ ചികിത്സയ്ക്കു ശേഷം ജില്ലയില്‍ ഒരാള്‍ക്കു കൂടി രോഗം ഭേദമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഒഴൂര്‍ കുറുവട്ടിശ്ശേരി സ്വദേശിയായ 30 കാരനാണ് കോവിഡ് വിമുക്തനായത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ നിന്ന് ഇയാളെ സ്റ്റെപ് ഡൗണ്‍ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്. കൂടുതല്‍ നിരീക്ഷണങ്ങള്‍ക്ക് ശേഷം ഇയാള്‍ ആശുപത്രി വിടും.
ദുബായില്‍ നിന്ന് മാര്‍ച്ച് 19 ന് രാത്രി 8.30 നാണ് ഇയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം കുറുവട്ടിശ്ശേരിയിലെ വീട്ടിലെത്തി ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞു. രോഗലക്ഷണങ്ങള്‍ കണ്ടതോടെ തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലെത്തി സാമ്പിളെടുത്ത് പരിശോധനക്കയച്ചു. രോഗബാധ സ്ഥിരീകരിച്ചതിനു ശേഷം ഏപ്രില്‍ ഒമ്പതിന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
19 ദിവസത്തെ ചികിത്സയ്ക്കും നിരന്തര പരിശോധനകള്‍ക്കും ശേഷമാണ് ഒഴൂര്‍ കുറുവട്ടിശ്ശേരി സ്വദേശി രോഗമുക്തനായതായി സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്കു ശേഷം കൊവിഡ് വിമുക്തരായവരുടെ എണ്ണം 19 ആയി. ഇതില്‍ 17 പേര്‍ ആശുപത്രിയില്‍ നിന്ന് വീടുകളിലേയ്ക്ക് മടങ്ങി. ഒരാള്‍ രോഗ വിമുക്തനായ ശേഷം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.