വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്: യുവാവിന് 2,75,000 രൂപ നഷ്ടമായി

Update: 2019-03-02 02:45 GMT

ചെങ്ങന്നൂര്‍: ഉദ്യോഗാര്‍ഥിയായ യുവാവിന് 24 മണിക്കുറിനുള്ളില്‍ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 2,75,000 രൂപയോളം നഷ്ടമായി. ചെങ്ങന്നൂര്‍ മുണ്ടന്‍കാവ് മാപ്പോട്ടില്‍ വീട്ടില്‍ ജിതിനാണ് ഓണ്‍ലൈന്‍ ചതിക്കുഴിയില്‍ അകപെട്ടത്. ടൂള്‍ ആന്റ് ഡൈ പഠിച്ച ശേഷം ഐഇഎല്‍ടിഎസും ജയിച്ച് യൂറോപ്പിലെ ജോലിക്കായി കാത്തിരിക്കുകയായിരുന്നു ജിതിന്‍.

28നു വൈകിട്ട് ഷൈന്‍ റിക്രൂട്ട് ഡോട്ട് ഇന്‍ഫോ യെന്ന സൈറ്റില്‍ ജോലിക്കായി അപേക്ഷിച്ചു. 10 രൂപയായിരുന്നു രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യം ചെയ്തത് ശരിയാവാത്തതിനെ തുടര്‍ന്ന് തുടര്‍ച്ചയായി പിന്നീട് 4 തവണ കൂടി രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ കുറച്ചു സമയം കഴിഞ്ഞപ്പോള്‍ 40,000 രൂപ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കപ്പെട്ടതായി മൊബൈല്‍ ഫോണില്‍ സന്ദേശം വന്നു. സൈറ്റിലുള്ള ഫോണ്‍ നമ്പരില്‍ വിളിച്ചു ചോദിച്ചപ്പോള്‍ എറര്‍ കാരണം സംഭവിച്ചതാണെന്നും പിറ്റേ ദിവസം കാലത്തു തന്നെ പണം റീഫണ്ടാകുമെന്നും അറിയിച്ചു. അതിനായി ബാങ്കില്‍ നിന്നും സിഐഎഫ് നമ്പര്‍ വേണമെന്നും ആവശ്യപ്പെട്ടു. എം സി റോഡില്‍ ചെങ്ങന്നൂര്‍ നന്ദാവനം കവലയിലുള്ള എസ്ബിഐയുടെ പ്രധാന ശാഖയില്‍ വെള്ളിയാഴ്ച പോയി നമ്പര്‍ വാങ്ങി നല്‍കി. തുടര്‍ന്ന് 8 തവണകളായി 24998 രൂപ വീതം നഷ്ടപ്പെടുകയായിരുന്നു. പിന്നീട് 10,000 രൂപകൂടി നഷ്ടപ്പെട്ടു.

ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതെയുമായി. മുമ്പ് ഇംഗ്ലീഷിലും ഹിന്ദിയിലുമായിരുന്നു തിരികെ സംസാരിച്ചിരുന്നതെന്ന് ജിതിന്‍ പറയുന്നു. ബാങ്കില്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ കൈമലര്‍ത്തി. യൂറോപില്‍ ജോലിയുടെ ആവശ്യത്തിനായി കടം വാങ്ങി ബാങ്കില്‍ നിക്ഷേപിച്ച തുകയാണ് നഷ്ടപ്പെട്ടത്. ചെങ്ങന്നൂര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.


Tags:    

Similar News