ബൈക്ക്‌റാലി വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പു വരെ മാത്രം; ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

Update: 2021-03-22 13:19 GMT

ന്യൂഡല്‍ഹി: രാഷ്ട്രീയപ്പാര്‍ട്ടികളുടെ ബൈക്ക് പ്രചാരണത്തിന് കടിഞ്ഞാണിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ഉത്തരവ്. തിരഞ്ഞെടുപ്പിന് മുമ്പുള്ള മൂന്നു ദിവസം തിരഞ്ഞെടുപ്പ് നടക്കുന്ന നിയോജകമണ്ഡലങ്ങളില്‍ ബൈക്ക് റാലികള്‍ പാടില്ലെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. ഉത്തരവ് തിരഞ്ഞെടുപ്പ് ദിവസവും പ്രാബല്യത്തിലുണ്ടാവും.

ബൈക്ക് റാലിയുമായി ബന്ധപ്പെട്ട് സാമൂഹിക വിരുദ്ധശക്തികള്‍ നുഴഞ്ഞുകയറി ക്രമസമാധാനപ്രശ്‌നമുണ്ടാക്കുന്നുവെന്ന റിപോര്‍ട്ടിനെത്തുടര്‍ന്നാണ് പുതിയ തീരുമാനമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഇത്തരം ആളുകള്‍ വോട്ടര്‍മാരെ വ്യാപകമായി ഭീഷണിപ്പെടുത്തുന്നതായും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നതായും കമ്മീഷന്‍ കരുതുന്നു.

പുതിയ തീരുമാനം എല്ലാ ഉദ്യോഗസ്ഥര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും കൈമാറിയിട്ടുണ്ട്.

നാല് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 824 നിയോജകമണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

മാര്‍ച്ച് 27നു തുടങ്ങുന്ന തിരഞ്ഞെടുപ്പ് ഏപ്രില്‍ 29ന് അവസാനിക്കും. 18.68 കോടി വോട്ടര്‍മാര്‍ അവരുടെ വോട്ടവകാശം വിനിയോഗിക്കും. 2.7ലക്ഷം പോളിങ് സറ്റേഷനുകളാണ് പ്രവര്‍ത്തിക്കുക.

കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം, കേന്ദ്ര ഭരണപ്രദേശമായ പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Tags:    

Similar News