കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിന് കൂടുതല്‍ ശ്രമിക് ട്രെയിനുകള്‍ ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: കുടിയേറ്റക്കാരായ ഇതര സംസ്ഥാന തൊഴിലാളികളെ നാടുകളിലേക്ക് തിരികെ അയയ്ക്കുന്നത് ഊര്‍ജ്ജിതമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. ഇന്ത്യന്‍ റയില്‍വേയുടെ പ്രത്യേക ട്രയിന്‍ സംവിധാനം വഴി കുടിയേറ്റത്തൊഴിലാളികളെ തിരിച്ചെത്തിക്കാനാണ് നിര്‍ദേശം. കൂട്ടത്തില്‍ കുട്ടികള്‍, സ്ത്രീകള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് പ്രത്യേക ശ്രദ്ധകൊടുക്കാനും നിര്‍ദേശമുണ്ട്. ആഭ്യന്തര മന്ത്രാലയത്തിനു വേണ്ടി ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് കത്തെഴുതിയിട്ടുള്ളത്.
കൊവിഡ് രോഗം ബാധിക്കുമോ എന്ന ഭീതിയും ഉപജീവനമാര്‍ഗം നഷ്ടപ്പെടുമോ എന്ന ആശങ്കയുമാണ് തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നതെന്ന് കത്തില്‍ പറയുന്നു. ഈ അവസ്ഥയിലാണ് കൂടുതല്‍ ട്രയിനുകള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചത്.
ഇരു സംസ്ഥാനങ്ങളെയും റെയില്‍വേയും തമ്മില്‍ ഏകോപിപ്പിച്ച് കൂടുതല്‍ പ്രത്യേക ട്രെയിനുകള്‍ ക്രമീകരിക്കണം. ശുചിത്വം, ഭക്ഷണം, ആരോഗ്യം എന്നിവയുടെ ആവശ്യകത കണക്കിലെടുത്ത് വിശ്രമ സ്ഥലങ്ങള്‍ ക്രമീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ട്രെയിനും ബസും പുറപ്പെടുന്നതും എത്തിച്ചേരുന്ന സമയത്തെ കുറിച്ചും വ്യക്തത ആവശ്യമാണെന്ന് നിര്‍ദേശിച്ച ഭല്ല, കുടിയേറ്റ തൊഴിലാളികളില്‍ സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവരുടെ പ്രത്യേക ആവശ്യങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും നിര്‍ദേശിച്ചു.
കാല്‍നടയായി പോകുന്ന കുടിയേറ്റ തൊഴിലാളികളെ സമീപത്തുള്ള ബസ് ടെര്‍മിനലുകളിലേക്കോ റെയില്‍വേ സ്‌റ്റേഷനുകളിലേക്കോ കൊണ്ടുപോയി അവര്‍ക്ക് വിശ്രമമൊരുക്കണം, ഗതാഗത സൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്ന് ജില്ല ഭരണകൂടങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. വിശ്രമ സ്ഥലങ്ങളില്‍ എന്‍ജിഒ പ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പുവരുത്താനും ആവശ്യപ്പെട്ടു.