നാല് വര്‍ഷമായി മത്സ്യതൊഴിലാളികള്‍ സിമന്റ് ഗോഡൗണില്‍ കഴിയുന്നു; വിഴിഞ്ഞം പദ്ധതിയ്ക്ക് പ്രതിപക്ഷം എതിരല്ലെന്നും വിഡി സതീശന്‍
തീരശോഷണത്തില്‍ സര്‍ക്കാരിന്റെയും അദാനിയുടേയും നിലപാട് ഒന്ന്
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി മൂന്നിലൊന്ന് പൂര്‍ത്തിയായപ്പോള്‍ 600 കിലോമീറ്റര്‍ കടലെടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തീര ശോഷണത്തില്‍ അദാനിയുടെയും സര്‍ക്കാരിന്റേയും നിലപാട് ഒന്നാണ്. 3000 ത്തോളം വീടുകള്‍ നഷ്ടപ്പെടും എന്നുള്ളത് കൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ വിപുലമായ പുനരധിവാസ പദ്ധതി ഉണ്ടാക്കിയത്. 4 വര്‍ഷമായി മത്സ്യതൊഴിലാളികള്‍ സിമന്റ് ഗോഡൗനില്‍ കഴിയുന്നു. പ്രതിപക്ഷം പദ്ധതിയ്ക്ക് എതിരല്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷ അടിയന്തിര പ്രമേയ നോട്ടീസിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ, സമരത്തെ പിന്തുണച്ചു പ്രതിപക്ഷ നേതാവ് വിഴിഞ്ഞത്ത് എത്തിയിരുന്നു.
ഇതിനിടെ, വിഷയത്തില്‍ ലത്തീന്‍ അതിരൂപതയുമായി ഇന്ന് ജില്ലാതല സര്‍വകക്ഷിയോഗവും ചേരും. ഉച്ചയ്ക്ക് രണ്ട് മണിക്ക് നിയമസഭയില്‍ വച്ചാണ് യോഗം. ജില്ലയില്‍ നിന്നുള്ള മന്ത്രിമാര്‍ വി ശിവന്‍കുട്ടി, ആന്റണി രാജു, ജിആര്‍ അനില്‍ എന്നിവര്‍ക്ക് പുറമെ കലക്ടറും തിരുവനന്തപുരം മേയറും ലത്തീന്‍ അതിരൂപതയുമായി ചര്‍ച്ച നടത്തും. പുനരധിവാസ പദ്ധതികളടക്കം അതിരൂപതയുടെ ആവശ്യങ്ങള്‍ ഓരോന്നും പ്രത്യേകമായി ചര്‍ച്ചക്കെടുക്കും.
ഇന്നലെ ചേര്‍ന്ന മന്ത്രിസഭ ഉപസമിതി യോഗത്തിലെ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച തീരുമാനങ്ങള്‍ മുഖ്യമന്ത്രിയോട് ഇന്ന് വിശദീകരിക്കും. ആവശ്യമെങ്കില്‍ മന്ത്രിസഭാ ഉപസമിതി വീണ്ടും യോഗം ചേര്‍ന്നേക്കും. തുറമുഖ സമരത്തിന്റെ എട്ടാം ദിവസമായ ഇന്ന് വലിയതുറ ഇടവകയുടെ നേതൃത്വത്തിലാണ് ഉപരോധം. ഏഴിന ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുംവരെ സമരം തുടരുമെന്ന് നിലപാടിലാണ് ലത്തീന്‍ അതിരൂപത.