കശ്മീരില്‍ സുരക്ഷ പിന്‍വലിച്ച 400 ഓളം രാഷ്ട്രീയക്കാര്‍ക്ക് വീണ്ടും സുരക്ഷയേര്‍പ്പെടുത്തി
ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് സുരക്ഷ പിന്‍വലിച്ച കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് വീണ്ടും സുരക്ഷയേര്‍പ്പെടുത്തി. സുരക്ഷ പിന്‍വലിക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചത്.
40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവന്‍ കവര്‍ന്ന പുല്‍വാമ ഭീകരക്രമണത്തിന് പിന്നാലെയാണ് കശ്മീരി നേതാക്കളുടേയും രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടേയും സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. 900 ഓളം പേര്‍ക്കായി 2768 പോലിസ് ഉദ്യോഗസ്ഥരായിരുന്നു സുരക്ഷക്കായി ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന സുരക്ഷ അവലോകന യോഗത്തില്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന യോഗത്തിന് ശേഷം അര്‍ഹമായവര്‍ക്കെല്ലാം സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ഗവര്‍ണര്‍ അറിയിക്കുകയും ചെയ്തു.