ഇടുക്കി: മൂന്നാറില്‍ പടയപ്പയെന്ന കാട്ടാനയെ പ്രകോപിപ്പിച്ച ജീപ്പ് ഡ്രൈവര്‍ക്കെതിരേ കേസെടുത്തു. കടലാര്‍ എസ്‌റ്റേറ്റ് സ്വദേശി ദാസിനെതിരേയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ജീപ്പ് ഡ്രൈവര്‍മാര്‍ കടലാറിലും കുറ്റിയാര്‍ വാലിയിലും ആനയെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വനം വകുപ്പിന്റെ നടപടി. മറ്റ് രണ്ട് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് റിപോര്‍ട്ട്.
കാട്ടുകൊമ്പനായ പടയപ്പടെ കാണാന്‍ നിരവധി വിനോദ സഞ്ചാരികളെത്തുന്നുണ്ട്. പടയപ്പയെ കാണിക്കാമെന്ന് വാഗ്ദാനം നല്‍കി റിസോര്‍ട്ട് ഉടമകളും, ജീപ്പ് ഡ്രൈവര്‍മാരും വിനോദ സഞ്ചാരികളെ കൂട്ടികൊണ്ടുപോവുകയും ഈ സമയത്ത് ആനയെ പ്രകോപിപ്പിക്കുകയുമാണെന്നാണ് വനം വകുപ്പ് പറയുന്നത്. പടയപ്പയെ അടുത്തു നിന്ന് കാണുന്നതിനായി അധിക പണം ഈടാക്കുന്നതായും വനം വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. വനം വകുപ്പ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് വിനോദ സഞ്ചാര വകുപ്പിനും നല്‍കിയിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വികരിക്കുമെന്ന് ഡിഎഫ്ഒ അറിയിച്ചു.