സര്‍, മാഡം വിളി ഒഴിവാക്കി; മാത്തൂര്‍ പഞ്ചായത്തിന്റെ വഴിയെ പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്തും
ഇന്ന് ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ ആണ് ഇതു സംബന്ധിച്ച് ഐക്യകണ്‌ഠേനയുള്ള തീരുമാനമുണ്ടായത്.
പടിഞ്ഞാറത്തറ: മാത്തൂര്‍ പഞ്ചായത്തിന്റെ മാതൃക പിന്‍പറ്റി സര്‍, മാഡം വിളികള്‍ ഒഴിവാക്കി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തും. ഇന്ന് ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ ആണ് ഇതു സംബന്ധിച്ച് ഐക്യകണ്‌ഠേനയുള്ള തീരുമാനമുണ്ടായത്. അവകാശങ്ങള്‍ക്കായി വരുന്ന ജനങ്ങള്‍ ഇനി മുതല്‍ ജീവനക്കാരെ സര്‍/മാഡം എന്ന് വിളിക്കേണ്ടതില്ല. പഞ്ചായത്തുമായി ജനങ്ങള്‍ നടത്തുന്ന കത്തിടപാടുകളില്‍ സര്‍, മാഡം എന്നീ വിളികള്‍ ഒഴിവാക്കുകയും കത്തില്‍ അപേക്ഷിക്കുന്നു, അഭ്യര്‍ത്ഥിക്കുന്നു എന്നീ വാക്കുകള്‍ക്ക് പകരം അവകാശപ്പെടുന്നു, താല്‍പര്യപ്പെടുന്നു എന്നീ വാക്കുകള്‍ ഉപയോഗിക്കാമെന്നും പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തു.
ഈ മാസം 1ന് മാത്തൂര്‍ പഞ്ചായത്ത് ഭരണസമിതി ഓഫിസിലെ ജീവനക്കാരെയും ഭരണ സമിതി അംഗങ്ങളെയും സര്‍, മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കി ഉത്തരവിറക്കിയിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ പദപ്രയോഗങ്ങളാണ് സര്‍, മാഡം വിളിയെന്ന് നിരീക്ഷിച്ചായിരുന്നു ഗ്രാമപ്പഞ്ചായത്തിന്റെ ഈ നടപടി.