പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി; പ്രചാരണങ്ങളില്‍ പങ്കെടുക്കാതെ നേതാക്കളും കൗണ്‍സിലര്‍മാരും

ശോഭാ സുരേന്ദ്രന്‍ പക്ഷവും പാലക്കാട് നഗരസഭയിലെ ഭൂരിഭാഗം ബിജെപി കൗണ്‍സിലര്‍മാരും ഇന്നലെ നടന്ന റോഡ് ഷോയില്‍ പങ്കെടുത്തില്ല

Update: 2024-10-22 08:20 GMT

പാലക്കാട്:പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി ബിജെപിയില്‍ പൊട്ടിത്തെറി. സംസ്ഥാന ഭാരവാഹി ഉള്‍പ്പെടെ സി കൃഷ്ണകുമാറിന്റെ റോഡ് ഷോയില്‍ നിന്ന് വിട്ടു നിന്നു. ശോഭാ സുരേന്ദ്രന്‍ പക്ഷവും പാലക്കാട് നഗരസഭയിലെ ഭൂരിഭാഗം ബിജെപി കൗണ്‍സിലര്‍മാരും ഇന്നലെ നടന്ന റോഡ് ഷോയില്‍ പങ്കെടുത്തില്ല.ബിജെപിയുടെ 137 ജില്ലാ ഭാരവാഹികളില്‍ 33 പേര്‍ മാത്രം പങ്കെടുത്ത യോഗത്തിലാണ് സി കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കിയത്. ഈ തീരുമാനത്തിന് ഭൂരിപക്ഷ പിന്തുണ കിട്ടിയെന്നുവരുത്തി ദേശീയ നേതൃത്വത്തിന് കുമ്മനം രാജശേഖരന്‍ കത്ത് നല്‍കിയെന്നായിരുന്നു ശോഭ പക്ഷത്തിന്റെ ആരോപണം.

ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ഒരുവിഭാഗം പ്രവര്‍ത്തകര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കെ സുരേന്ദ്രന്റെ അടുത്തയാളായ സി കൃഷ്ണകുമാറാണ് സ്ഥാനാര്‍ഥിയായത്. ശോഭയെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഭൂരിഭാഗം പ്രവര്‍ത്തകരും പ്രധാനയോഗങ്ങളില്‍നിന്ന് വിട്ടുനിന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കമ്മിറ്റിയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം പാലക്കാട്ട് ചേര്‍ന്ന സംഘടനായോഗവും ശോഭ പക്ഷം ബഹിഷ്‌കരിച്ചിരുന്നു. 70 പേര്‍ പങ്കെടുക്കേണ്ട യോഗത്തിന് എത്തിയത് 21 ആളുകള്‍ മാത്രം.

സി കൃഷ്ണകുമാര്‍ പക്ഷവും ശോഭാ സുരേന്ദ്രന്‍ പക്ഷവും കാലങ്ങളായി രണ്ടു ചേരികളായാണ് പാലക്കാട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രന്റെ ഫ്‌ലക്‌സ് കത്തിച്ച സംഭവമുണ്ടായി. പാലക്കാട് നഗരസഭാ ഓഫീസിന് മുന്നില്‍ വെച്ച ഫ്‌ലക്‌സാണ് കത്തിച്ചത്. ഇത് ചെയ്തവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Tags:    

Similar News