പാലക്കാട് ഡിസിസി പ്രസിഡന്റ് ; തര്‍ക്കം രൂക്ഷം

നിലവില്‍ പരിഗണിക്കപ്പെടുന്നവര്‍ക്കെതിരെ ചേരിതിരിഞ്ഞ് ശക്തമായ എതിര്‍പ്പുകളും ഉയരുന്നുണ്ട്.

Update: 2021-08-24 01:35 GMT

പാലക്കാട്: ജില്ലയിലെ ഡിസിസി പ്രസിഡന്റ് ആരായിരിക്കണമെന്ന കാര്യത്തില്‍ തര്‍ക്കം രൂക്ഷം. എ തങ്കപ്പനും, വി ടി ബല്‍റാമും അന്തിമപട്ടികയില്‍. മറ്റ് ജില്ലകളിലെല്ലാം പ്രസിഡന്റിന്റെ കാര്യത്തില്‍ ഏകദേശ ധാരണയായെങ്കിലും പാലക്കാട്ട് നാല് പേര്‍ക്ക് വേണ്ടിയുള്ള ചരടുവലികളാണ് മുറുകുന്നത്.

എ തങ്കപ്പന്‍, എ വി ഗോപിനാഥ്, വി ടി ബല്‍റാം എന്നിവര്‍ക്ക് വേണ്ടിയുള്ള ചരടുവലികളാണ് പ്രധാനമായും ഗ്രൂപ്പ് മാനേജര്‍മാര്‍ സജീവമാക്കിയത്. സി വി ബാലചന്ദ്രനു വേണ്ടിയും ആളുകള്‍ രംഗത്തുണ്ട്. മുതിര്‍ന്ന നേതാവ് എ തങ്കപ്പന്‍, യുവ നേതാവ് വി ടി ബല്‍റാം എന്നിവരുടെ പേരാണു പ്രധാനമായും പരിഗണിക്കുന്നത്. തിരഞ്ഞെടുപ്പിനു മുന്‍പ് പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ എ വി ഗോപിനാഥിനെ അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ രംഗത്തുണ്ടങ്കിലും ഇതിന് സാധ്യത വളരെ കുറവാണ്. അദ്ദേഹത്തെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ പേര്‍ എഐസിസിക്കും കെപിസിസിക്കും പരാതികളയച്ചിട്ടുണ്ട്.

നിലവില്‍ പരിഗണിക്കപ്പെടുന്നവര്‍ക്കെതിരെ ചേരിതിരിഞ്ഞ് ശക്തമായ എതിര്‍പ്പുകളും ഉയരുന്നുണ്ട്. ഗ്രൂപ്പിന് ഉപരിയായി സര്‍വസമ്മതനായ ഒരാളെ ചൂണ്ടിക്കാണിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ക്കും കഴിയുന്നില്ല. എ വി ഗോപിനാഥിനെ ഇത്തരത്തില്‍ പറയുന്നുണ്ടങ്കിലും കടുത്ത എതിര്‍പ്പാണ് അദ്ദേഹത്തിനെതിരെയും ഉയര്‍ന്നു വരുന്നത്. വി കെ ശ്രീകണ്ഠന്‍ എംപി രാജിവച്ച് മൂന്നു മാസമായിട്ടും പ്രസിഡന്റിനെ തിരഞ്ഞെടുക്കാത്തത് പാര്‍ട്ടി പ്രവര്‍ത്തനങ്ങളെയാകെ ബാധിച്ചിട്ടുണ്ട്.എ തങ്കപ്പനു വേണ്ടിയും സജീവമായി നേതാക്കള്‍ രംഗത്തുണ്ടെങ്കിലും അദ്ദേഹത്തിനെതിരെയും നേതൃത്വത്തിന് പരാതികള്‍ ഏറെ പോയിട്ടുണ്ട്. മുന്‍ എംഎല്‍എ വി ടി ബല്‍റാമിനെ പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കുന്നതിനെതിരായി പറയുന്നത് പാര്‍ട്ടി പ്രവര്‍ത്തനരംഗത്ത് ജില്ലയിലുടനീളം ബന്ധമില്ലന്നതാണ്.

ആരെയെങ്കിലും ഒഴിവാക്കണമെന്നോ പരിഗണിക്കണമെന്നോ താന്‍ ആവശ്യപ്പെട്ടില്ലെന്ന് വി കെ ശ്രീകണ്ഠന്‍ എം പി പറഞ്ഞു. എന്നാല്‍ നിര്‍ണായക ഘട്ടങ്ങളില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുകയും ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തവരെ ചുമതല ഏല്‍പിക്കുന്നത് ആലോചിച്ചു വേണമെന്നാണ് തന്റെ നിലപാടെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.


Tags:    

Similar News