പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് നേരേ പാലക്കാട യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. സംഭവത്തില്‍ ഒരാളെ പോലിസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയുടെ സുരക്ഷ മാനിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എ കെ ഷാനിബടക്കം നാലു പേരെ പോലിീസ് കരുതല്‍ തടങ്കലിലെടുത്തതിന് പിന്നാലെയാണ് കരിങ്കൊടി പ്രതിഷേധം. തദ്ദേശ ദിനം സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പാലക്കാടെത്തിയത്. ചാലിശ്ശേരി അന്‍സാരി കണ്‍വന്‍ഷന്‍ സെന്ററിലേക്ക് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തിച്ചേരുന്നതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കരിങ്കൊടി കാട്ടുകയായിരുന്നു. നിലവില്‍ ഒരാളെ മാത്രമേ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളൂവെന്നാണ് വിവരം.
ഇന്ന് രാവിലെയാണ് ഷാനിബിനെ പൊലീസ് കരുതല്‍ തടങ്കലിലെടുത്തത്. ഷാനിബിനെ കൂടാതെ നേതാക്കളായ കെ.പി.എം ഷെരീഫ്, സലീം, അസീസ് എന്നിവരെയും പൊലീസ് തടങ്കലിലാക്കിയിട്ടുണ്ട്. രാവിലെ ഏകദേശം 6 മണിയോട് കൂടി ഷാനിബിനെ ചാലിശ്ശേരി പൊലീസ് വീട്ടിലെത്തി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. സിആര്‍പിസി 153ാം വകുപ്പ് പ്രകാരമുള്ള കരുതല്‍ തടങ്കലാണെന്നാണ് പൊലീസിന്റെ വിശദീകരണം.