പാലത്തായി പീഡനക്കേസ്: പെണ്‍കുട്ടിക്ക് നീതി നിഷേധിക്കപ്പെട്ടത് ബി.ജെ.പി-സി.പി.എം ഒത്തുതീര്‍പ്പ് രാഷ്ട്രീയം കാരണം: മുസ്തഫ കൊമ്മേരി
മുഖ്യമന്ത്രി, വനിതാ-ശിശുക്ഷേമമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ തട്ടകത്തില്‍ പിഞ്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ ബി.ജെ.പി നേതാവിനു ലഭിക്കുന്ന സംരക്ഷണവും കരുതലും വരാനിരിക്കുന്ന രാഷ്ട്രീയ അടിയൊഴുക്കുകളുടെ പ്രത്യക്ഷ തെളിവുകളാണ്
കൊച്ചി: ബി.ജെ.പി നേതാവ് പ്രതിയായ പാലത്തായി പീഢനക്കേസില്‍ പെണ്‍കുട്ടിക്ക് നീതിനിഷേധിക്കപ്പെട്ടത് ബി.ജെ.പി-സി.പി.എം ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഫലമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി. സര്‍ക്കാരും പോലിസും പ്രതിക്ക് അനുകൂലമായ നിലപാട് എടുത്തത് ഈ ഒത്തുതീര്‍പ്പിന്റെ ഭാഗമാണ്. അന്വേഷണസംഘം ഇരയ്ക്കെതിരെ ഹൈക്കോടതിയില്‍ വ്യാജ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാണ് പ്രതിക്ക് അനുകൂല ഉത്തരവ് നേടിയിരിക്കുന്നത്. പീഡനത്തിന് ഇരയായ 11കാരിക്ക് നുണ പറയുന്ന ശീലവും വിചിത്ര ഭാവനകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. വളരെ കൃത്യമായി തന്നെ പ്രതിയെ സംരക്ഷിക്കാന്‍ കച്ചകെട്ടിയുള്ള ആസൂത്രണമാണ് അന്വേഷണസംഘം നടത്തിയതെന്നു വ്യക്തം.
അതേസമയം പെണ്‍കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ പ്രോസിക്യൂഷന്‍ കാണിച്ച വീഴ്ചയും പ്രതിക്ക് അനുകൂലമായി മാറി. കേസിന്റെ തുടക്കം മുതല്‍ പെണ്‍കുട്ടിയുടെ അധ്യാപകന്‍ കൂടിയായ ബി.ജെ.പി നേതാവ് കുനിയില്‍ പത്മരാജനെ രക്ഷിക്കാനുള്ള അമിതാവേശമാണ് ലോക്കല്‍ പോലിസും അന്വേഷണ സംഘവും നടത്തിവന്നത്. പ്രതിക്കെതിരേ പോക്സോ വകുപ്പുകള്‍ ഒഴിവാക്കിയാണ് ക്രൈംബ്രാഞ്ച് ബി.ജെ.പി നേതാവിന്റെ ജാമ്യം ഉറപ്പാക്കിയത്. കേസില്‍ നിര്‍ണായകമാവേണ്ട മെഡിക്കല്‍ റിപ്പോര്‍ട്ട് വരെ ഒഴിവാക്കിയായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിയെ സംരക്ഷിക്കാനുതകുന്ന സാക്ഷികളെ മാത്രമാണ് ഉള്‍പ്പെടുത്തിയത്. കീഴ്ക്കോടതി നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന ഇരയുടെ മാതാവിന്റെ ഹരജി ഹൈക്കോടതി പരിഗണിച്ചപ്പോള്‍ കൃത്യമായി പ്രതിയെ രക്ഷിക്കാനുതകുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അന്വേഷണ സംഘം നല്‍കിയതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടിക്ക് നീതി നിഷേധിക്കപ്പെട്ടത്. ഇത് കേവലം പോലിസിന്റെയും അന്വേഷണ സംഘത്തിന്റെയും താല്‍പ്പര്യം മാത്രമല്ലെന്നു വ്യക്തമായിരിക്കുന്നു. മുഖ്യമന്ത്രി, വനിതാ-ശിശുക്ഷേമമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ തട്ടകത്തില്‍ പിഞ്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ ബി.ജെ.പി നേതാവിനു ലഭിക്കുന്ന സംരക്ഷണവും കരുതലും വരാനിരിക്കുന്ന രാഷ്ട്രീയ അടിയൊഴുക്കുകളുടെ പ്രത്യക്ഷ തെളിവുകളാണ്. തൊട്ടതിനൊക്കെ രാഷ്ട്രീയം കാണുന്ന വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മൗനം ലജ്ജാകരമാണ്. പോലിസില്‍ ആര്‍.എസ്.എസ് ഫ്രാക്ഷന്‍ സജീവമായി പ്രവര്‍ത്തിക്കുന്നതിന്റെ തെളിവുകള്‍ അനുദിനം വ്യക്തമായി വരികയാണെന്നും മുസ്തഫ കൊമ്മേരി പറഞ്ഞു. ഇത്തരം ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന് കേരളം വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.