പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ ആദ്യ അറസ്റ്റ്: പിടിയിലായത് പ്രതി രാഹുലിന്റെ ഉറ്റസുഹൃത്ത് രാജേഷ്

Update: 2024-05-17 12:28 GMT

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിലായി. ജര്‍മ്മനിയിലേക്ക് കടന്ന പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചത് രാജേഷാണെന്ന വിലയിരുത്തലിലാണ് അറസ്റ്റ് . ഇന്ന് വൈകിട്ട് 5 മണിക്കുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് രാഹുലിന്റെ മാതാവിന്നും സഹോദരിക്കും പോലിസ് വീണ്ടും നോട്ടിസ് നല്‍കി. പ്രതി രാജ്യം വിട്ടത് പോലിസിന്റെ പിഴവ് കൊണ്ടെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചു.

രാഹുലിനായി ദിവസങ്ങള്‍ നീണ്ട തിരച്ചില്‍ നടത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ഒടുവില്‍ പ്രതി രാജ്യം വിട്ടെന്ന കാര്യം സ്ഥിരീകരിച്ചത്. പ്രതിക്കായി ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കാനുള്ള നടപടികള്‍ പുരോഗമിക്കവെയാണ് രാഹുല്‍ ജര്‍മനിയിലെത്തിയ കാര്യം സ്ഥിരീകരിച്ചത്. താന്‍ വിദേശത്ത് എത്തിയെന്ന് അറിയിച്ചുള്ള ഇയാളുടെ വീഡിയോ സന്ദേശം കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാഹുലിന്റെ സുഹൃത്ത് രാജേഷിനെ പോലിസ് അറസ്റ്റ് ചെയ്തത്.

രാഹുലിന് രാജ്യം വിടാനുള്ള എല്ലാ ഒത്താശയും ചെയ്തത് ഇയാളാണെന്ന് പോലിസ് പറയുന്നു. പെണ്‍കുട്ടിക്ക് രാഹുലില്‍ നിന്ന് ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന ദിവസം രാജേഷ് വീട്ടില്‍ ഉണ്ടായിരുന്നു. ജര്‍മ്മനിയില്‍ എത്തിയ ശേഷം രാഹുല്‍ രാജേഷുമായും സഹോദരിയുമായും വാട്‌സ്ആപ്പ് കോള്‍ വഴി സംസാരിച്ചതിന്റെ തെളിവുകളും പോലിസിന് കിട്ടി. ഇതിനെ തുടര്‍ന്നാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് രാഹുലിന്റെ സഹോദരിക്കും അമ്മയ്ക്കും പോലിസ് നോട്ടിസ് നല്‍കിയതും ഇതിന്റെ അടിസ്ഥാനത്തിലാണ്.

ജര്‍മ്മന്‍ പൗരത്വമുള്ളയാലാണ് പ്രതി രാഹുല്‍. രാഹുലിനെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി അന്വേഷണസംഘം അറിയിച്ചു. യഥാസമയം പരാതി നല്‍കിയിട്ടും പ്രതി രാജ്യം വിടാന്‍ ഇടയായത് പോലിസിന്റെ പിടിപ്പുകേട് കൊണ്ടെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചു.

Tags:    

Similar News