സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതി അറസ്റ്റില്‍
പ്രതികളുടെ അക്കൗണ്ടിലേക്ക് 46 കോടി രൂപ വന്നതായാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തല്‍
കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. ചാലപ്പുറം പുത്തന്‍ പീടിയേക്കല്‍ പി പി ഷബീറാണ് അറസ്റ്റിലായത്.ഒരു വര്‍ഷമായി ഒളിവിലായിരുന്ന പ്രതിയെ വയനാട്ടില്‍ നിന്നാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
വയനാട്ടില്‍ ബിനാമി വിലാസത്തില്‍ നിര്‍മിക്കുന്ന റിസോര്‍ട്ട് സന്ദര്‍ശിക്കാന്‍ വേഷം മാറിയെത്തിയപ്പോഴാണ് പോലിസ് പിടികൂടിയത്.ഷമീര്‍ എന്ന പേരില്‍ ഇയാള്‍ ഇവിടെ എത്താറുണ്ട് എന്ന വിവരം ലഭിച്ച പോലിസ് ദിവസങ്ങളായി വേഷം മാറി റിസോര്‍ട്ടിന് സമീപം താമസിക്കുകയായിരുന്നു. ഇന്നലെ രാത്രി ഹരിയാന റജിസ്‌ട്രേഷന്‍ കാറില്‍ വയനാട് പൊഴുതനയിലെ റിസോര്‍ട്ടിനു സമീപമെത്തിയ പ്രതിയെ പോലിസ് സംഘം വാഹനം തടഞ്ഞു കസ്റ്റഡിയിലെടുക്കുകയായിരുന്നു.
രാജ്യദ്രോഹ ഇടപാടുകള്‍ അടക്കം സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ സംശയിക്കപ്പെടുന്നതായി ക്രൈംബ്രാഞ്ച് പറയുന്നു.പ്രതികളുടെ അക്കൗണ്ടിലേക്ക് 46 കോടി രൂപ വന്നതായാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ ഇ ഡി അന്വേഷണത്തിന് വിടണം എന്ന ശുപാര്‍ശയും ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം സംസ്ഥാന പോലിസ് മേധാവിക്ക് മുന്നിലേക്ക് നല്‍കിയിട്ടുണ്ട്.
2021 ജൂലൈയിലാണ് നഗരത്തിലെ 7 കേന്ദ്രങ്ങളില്‍ സമാന്തര എക്‌സ്‌ചേഞ്ചുകള്‍ കണ്ടെത്തിയത്.ബെംഗളൂരു എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതിയായ ഇബ്രാഹിം പുല്ലാട്ടിലാണു കോഴിക്കോട് കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ എക്‌സ്‌ചേഞ്ചുകള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്തത് എന്നു പോലിസ് കണ്ടെത്തിയിരുന്നു. ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ തൃശൂര്‍, എറണാകുളം,പാലക്കാട് ജില്ലകളിലെ സമാന്തര ഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ പോലിസ് കണ്ടെത്തി.
സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് വഴി സര്‍ക്കാരിനു കോടികളുടെ നഷ്ടമുണ്ടായതായി കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പ് നേരത്തേ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റജിസ്‌ട്രേഷന്‍ ഇനത്തില്‍ മാത്രം 2.5 കോടിയാണ് നഷ്ടം. കേസിലെ ആറു പ്രതികളില്‍ സമാന്തര എക്‌സ്‌ചേഞ്ചിലെ ജോലിക്കാരനായ കുണ്ടായിത്തോട് സ്വദേശി ജുറൈസ്, എക്‌സ്‌ചേഞ്ചിനാവശ്യമായ ഉപകരണങ്ങള്‍ നല്‍കിയ കാടാമ്പുഴ സ്വദേശി ഇബ്രാഹിം പുല്ലാട്ടില്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.