പാറന്നൂര്‍ ചിറയില്‍ ഇനി വിനോദസഞ്ചാരത്തോടൊപ്പം ആരോഗ്യ സംരക്ഷണവും; ഉദ്ഘാടനം 6ന്

Update: 2022-09-01 10:22 GMT

കേച്ചേരി: പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്നവര്‍ക്ക് ആരോഗ്യ സംരക്ഷണവും ഒരുക്കി മാതൃകയാവുകയാണ് ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത്. കുന്നംകുളത്തെ പ്രധാന പ്രകൃതി സൗന്ദര്യകേന്ദ്രമായ ചൂണ്ടല്‍ പാറന്നൂര്‍ ചിറയിലാണ് വിനോദസഞ്ചാരികള്‍ക്കും പ്രദേശ വാസികള്‍ക്കുമായി പഞ്ചായത്ത് ഓപ്പണ്‍ ജിം സംവിധാനമൊരുക്കുന്നത്.


പഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 7.28 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. സ്‌കൈ വാക്കര്‍, സ്റ്റാന്റിങ്ങ് സിറ്റിങ്ങ് ട്വിസ്റ്റര്‍, ലെഗ് പ്രസ്, ഷോള്‍ഡര്‍ പ്രസ്, ജെസ്റ്റ് പ്രസ്, സീറ്റഡ് പുള്ളര്‍, തായ്ജി സ്പിന്നര്‍ വില്‍, റോവര്‍ എന്നിങ്ങനെയുള്ള ആധുനിക വ്യായാമോപകരണങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. വ്യായാമത്തിനെത്തുന്നവര്‍ക്ക് ഇരിപ്പിടങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പ്രഭാത സവാരിക്ക് എത്തുന്നവര്‍ക്കും പദ്ധതി പ്രയോജനപ്പെടും. തദ്ദേശടൂറിസം പദ്ധതിയിലെ ഡസ്റ്റിനേഷന്‍ ചലഞ്ചില്‍ ഉള്‍പ്പെട്ട പ്രദേശം കൂടിയാണിത്.


പ്രകൃതി സൗന്ദര്യം ആശ്വസിക്കുന്നതിനോടൊപ്പം ശുദ്ധവായു ശ്വസിച്ച് പുഷ് അപ് ബഞ്ചിലും ഹിപ്പ് ഷേപ്പറിലുമൊക്കെ വ്യായാമം ചെയ്യാന്‍ ഓപ്പണ്‍ ജിംനേഷ്യം ഉപകാരപ്രദമാകും. ജീവിതശൈലീരോഗങ്ങള്‍ക്ക് തടയാന്‍ പദ്ധതി പ്രയോജനപ്പെടുമെന്നും ജനങ്ങള്‍ ശരിയായ രീതിയില്‍ ഇത് വിനിയോഗിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനില്‍ പറഞ്ഞു. തികച്ചും സൗജന്യമായി ജിം സംവിധാനം നിത്യവും ഉപയോഗിക്കാം. ചിറയുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.

ഓപ്പണ്‍ ജിമ്മിന്റെ ഉദ്ഘാടനം 6ന് വൈകീട്ട് 4.30ന് മുരളി പെരുനെല്ലി എംഎല്‍എ നിര്‍വ്വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കലാമണ്ഡലം നിര്‍വ്വാഹക സമിതി അംഗം ടി കെ വാസു, ബ്ലോക്ക് പ്രസിഡന്റ് ആന്‍സി വില്യംസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ വി വല്ലഭന്‍, വാര്‍ഡ് മെമ്പര്‍ ജൂലറ്റ് വിനു എന്നിവര്‍ പങ്കെടുക്കും.

Tags:    

Similar News