പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം; 16 ബില്ലുകള്‍ ചര്‍ച്ചയ്ക്ക് വരും

Update: 2022-12-07 01:38 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കമാവും. വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള വിഷയങ്ങള്‍ സമ്മേളന കാലയളവില്‍ ചര്‍ച്ചയാവും. ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഇതിനകം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനം, ചൈനീസ് കടന്നുകയറ്റം, സാമ്പത്തിക സംവരണ വിഷയങ്ങള്‍, സംസ്ഥാന സര്‍ക്കാരുകളെ പ്രതിരോധത്തിലാക്കുന്ന ഗവര്‍ണര്‍മാരുടെ നടപടി, കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം എന്നിവയും ചര്‍ച്ചയ്ക്ക് വരും. പ്രതിഷേധം ഏതുതരത്തില്‍ വേണമെന്ന് ചര്‍ച്ച ചെയ്യാന്‍ രാവിലെ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് എംപിമാര്‍ യോഗം ചേരും.

ശൈത്യകാല സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സര്‍വകക്ഷി യോഗം വിളിച്ചു. 16 ബില്ലുകള്‍ ഈ സഭാകാലയളവില്‍ ചര്‍ച്ചയ്‌ക്കെടുക്കും. ഈ മാസം 29 വരെ നീണ്ടുനില്‍ക്കുന്ന പാര്‍ലമെന്റിന്റ ശൈത്യകാല സമ്മേളനത്തിനാണ് ഇന്ന് തുടക്കമാവുന്നത്. ലോക്‌സഭാ അംഗമായിരിക്കെ അന്തരിച്ച മുലായം സിംഗ് യാദവ് അടക്കമുള്ളവര്‍ക്ക് ഇരുസഭകളും ആദരാഞ്ജലി അര്‍പ്പിക്കും. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഘട്ട് അധ്യക്ഷനാവുന്ന ആദ്യ രാജ്യസഭാ സമ്മേളനം കൂടിയാണിത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയാണ് സഭ സമ്മേളിക്കുക. വനം സംരക്ഷണ ഭേദഗതി, ട്രേഡ് മാര്‍ക്ക് ഭേദഗതി, കലാ ക്ഷേത്ര ഫൗണ്ടേഷന്‍ ഭേദഗതി അടക്കം 16 ബില്ലുകളാണ് ഈ സഭാ കാലയളവില്‍ ചര്‍ച്ചയ്‌ക്കെടുക്കുക. സെഷനില്‍ ആകെ 17 പ്രവൃത്തി ദിവസങ്ങളുണ്ടാവും. അതേസമയം, ക്രിസ്മസ് അവധി ദിനങ്ങള്‍ക്ക് അനുസരിച്ച് പാര്‍ലമെന്റ് സമ്മേളനം ക്രമീകരികരിച്ചില്ലെന്ന് കാട്ടി സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് അതൃപ്തി അറിയിച്ചു.

സമ്മേളനം വെട്ടിച്ചുരുക്കണമെന്നല്ല, പക്ഷേ ക്രിസ്മസ് ആഘോഷം കണക്കിലെടുത്ത് സമ്മേളനം ക്രമീകരിക്കണമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് പ്രതിനിധി അധിര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടത്. ക്രിസ്മസ് കാലത്തിനനുസരിച്ച് സര്‍ക്കാര്‍ സഭാ സമ്മേളനം ക്രമീകരിച്ചില്ലെന്ന് കോണ്‍ഗ്രസിനൊപ്പം ഡിഎംകെ, ആര്‍എസ്പി പാര്‍ട്ടികളും വിമര്‍ശനമുന്നയിച്ചു. ക്രിസ്മസ് കഴിഞ്ഞുള്ള അടുത്ത ദിവസം സഭ ചേരുന്നത് ഉന്നയിച്ചായിരുന്ന വിമര്‍ശനം. എന്നാല്‍, ആരോപണം തള്ളിയ കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രള്‍ഹാദ് ജോഷി ക്രിസ്മസ് അവധി പരിഗണിച്ച് രണ്ട് ദിവസം സഭ ചേരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി.

ഡിസംബര്‍ 24, 25 തിയതികളില്‍ അവധിയുണ്ടെന്നാണ് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പറഞ്ഞത്. സര്‍വകക്ഷിയോഗത്തില്‍ 31 രാഷ്ട്രീയപാര്‍ട്ടികള്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, പീയുഷ് ഗോയല്‍, പ്രള്‍ഹാദ് ജോഷി എന്നിവരാണ് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് യോഗത്തിനെത്തിയത്. സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാരിന് വേണ്ടി മന്ത്രിമാര്‍ പാര്‍ലമെന്റ് സമ്മേളനം വിജയമാക്കാന്‍ പ്രതിപക്ഷ പിന്തുണ തേടി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 18 നും ആഗസ്ത് 8 നും ഇടയിലാണ് നടന്നത്.

Tags:    

Similar News