മസ്ജിദ് ഇ മുസ്തഫ: ആശുപത്രിയായി രൂപം മാറി ഹൈദരാബാദിലെ മുസ്‌ലിംപള്ളി

Update: 2020-08-30 19:21 GMT

ഹൈദരാബാദ്: കൊവിഡ് വ്യാപനം ദുരന്തങ്ങള്‍ മാത്രമല്ല, നല്ല അനുഭവങ്ങളും ജനങ്ങളുടെ മുന്നിലെത്തിച്ചിട്ടുണ്ട്. അത്തരമൊരു അനുഭവത്തിന്റെ വാര്‍ത്തയാണ് ഹൈദരാബാദില്‍ നിന്ന് പുറത്തുവന്നിട്ടുള്ളത്. ഹൈദരാബാദിലെ മസ്ജിദ് ഇ മുസ്തഫ, കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ആശുപത്രിയായി രൂപം മാറിയിരിക്കുകയാണ്. സ്ത്രീകളെയും കുട്ടികളെയും ചികില്‍സിക്കുന്ന പ്രദേശത്തെ സുപ്രധാന കേന്ദ്രങ്ങളിലൊന്നായി ഇത് മാറിയിരിക്കുകയാണ്.

ലോക്ക് ഡൗണ്‍ സമയത്ത് ഈ മേഖലില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആയ ഹെല്‍പ്പിങ് ഹാന്‍ഡ് ഫൗണ്ടേഷന്റെ പ്രവര്‍ത്തകന്‍ മുഹമ്മദ് ഫരീദുള്ളയുടെ മുന്നില്‍ ഒരു പ്രശ്‌നം വന്നുപെട്ടു. പ്രദേശത്ത് രോഗബാധിതര്‍ക്ക് ആശ്രയിക്കാവുന്ന ആശുപത്രികളില്ല. എന്തെങ്കും ചെയ്യാനാവുമോ? അവിടെ നിന്ന് തൊട്ടടുത്ത ആശുപത്രിയിലേക്ക് 8 കിലോമീറ്റര്‍ യാത്ര ചെയ്യണം. അത് സ്ത്രീകളും കുട്ടികളുമായ പ്രദേശവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടിന് കാരണമാവുന്നുണ്ട്. സാധാരണ കൂലിപ്പണിക്കാരായ പ്രദേശവാസികള്‍ക്ക് ചികില്‍സാചെലവുകള്‍ താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു.

ഫരീദുള്ളയും സുഹൃത്തുക്കളും പ്രശ്‌നത്തിന് ഒരു പരിഹാരം കാണാന്‍ തന്നെ തീരുമാനിച്ചു. പക്ഷേ, താല്‍ക്കാലികമായെങ്കിലും പ്രവര്‍ത്തിക്കാവുന്ന ഒരു കെട്ടിടം അവര്‍ക്ക് കണ്ടെത്താനായില്ല. അങ്ങനെയാണ് പള്ളിക്കമ്മറ്റിക്കാരെ സമീപിക്കുന്നത്. ആശുപത്രി എല്ലാ മതവിഭാഗങ്ങള്‍ക്കും വേണ്ടി എല്ലാ ദിവസവും തുറക്കേണ്ടതുണ്ടെന്നും അത്തരമൊരു കെട്ടിടം വേണമെന്നുമാണ് അവര്‍ പള്ളിക്കാരോട് ആവശ്യപ്പെട്ടത്. ആരോഗ്യസേവനം സൗജന്യമായതിനാല്‍ ആളുകളുടെ എണ്ണം ദിനംപ്രതി കൂടുകയും ചെയ്യും. ഫരീദുള്ളയുടെ ആവശ്യത്തെക്കുറിച്ച് പള്ളിക്കമ്മറ്റി ഗൗരവമായി ആലോചിച്ചു.

എല്ലാ പ്രശ്‌നങ്ങളും പരിഗണിച്ച പള്ളി അധികാരികള്‍ പള്ളിയുടെ ഒരു ഭാഗം തന്നെ ആശുപത്രിക്ക് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പള്ളിക്കമ്മറ്റി ഇത്തരമൊരു തീരുമാനത്തിലേക്ക് വന്നതെന്ന് പള്ളിയിലെ ഇമാമായ അബ്ദുല്ല പറയുന്നു.

ആശുപത്രി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്ളതാണെങ്കിലും പുരുഷന്മാര്‍ക്കുവേണ്ടി ഒരു ദന്താശുപത്രിയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ആളുകള്‍ക്ക് കൊവിഡ് പടര്‍ന്നുപിടിച്ചതോടെ ആശുപത്രിയിലേക്ക് പോകാന്‍ പേടിയാണെങ്കിലും പള്ളിയിലെ ആശുപത്രിയിലേക്ക് വരാന്‍ പേടിയില്ലെന്ന് ഇമാം പറയുന്നു. ഈ ആശുപത്രി തങ്ങള്‍ക്ക് ഒരു അനുഗ്രഹമാണെന്ന് രോഗികളും പറയുന്നു. 

Tags:    

Similar News