വി.ടി. ഇക്‌റാമുല്‍ ഹഖ്
ഇന്ത്യയുടെ നിലനില്‍പ്പിനെ ബാധിക്കുന്ന അല്ലെങ്കില്‍ ഒരു രാജ്യമെന്ന നിലയില്‍ അതിനെ തകര്‍ച്ചയിലേക്കു നയിക്കുന്ന ഘടകമെന്തായിരിക്കും? പലരുടെയും ഉത്തരം മതേതര മൂല്യങ്ങളുടെ നിഷ്‌കാസനം എന്നായിരിക്കും. എന്നാല്‍, ഭൂരിപക്ഷ വര്‍ഗീയത അതിനെ പൊതിഞ്ഞു രാജ്യത്തെ നിലനിര്‍ത്തുമെന്നാണ് എന്റെ നിഗമനം. എന്റെ നിരീക്ഷണത്തില്‍ ഇന്ത്യയെ ബാധിക്കുന്നത്, പിടിച്ചു കുലുക്കുന്നത്, തകര്‍ച്ചയ്ക്കു വേഗം കൂട്ടുന്നത് നമ്മുടെ ഫെഡറലിസം തകരുന്നതോടു കൂടിയായിരിക്കും. ഡല്‍ഹിയിലുള്ളവര്‍ ഫെഡറല്‍ തത്ത്വങ്ങളില്‍ കൈവയ്ക്കാന്‍ തുടങ്ങുന്നതോടെ നമ്മുടെ രാജ്യത്തിന്റെ തകര്‍ച്ചയുടെ കൗണ്ട്ഡൗണ്‍ ആരംഭിക്കും.
ഇപ്പോള്‍ ഡല്‍ഹിയിലുള്ളവര്‍ അങ്ങനെ ഒരു പണിയിലാണെന്നു തോന്നുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സി രൂപീകരണത്തില്‍ (സംസ്ഥാനങ്ങളിലെ ഏതു കേസുകളും ഡല്‍ഹിക്കു കീഴിലാക്കാനുള്ള) തുടങ്ങി കേന്ദ്ര സഹകരണ വകുപ്പ് രൂപീകരണത്തില്‍ വരെ എത്തിനില്‍ക്കുന്നു ആ ദൗത്യം.
ഐക്യസര്‍ക്കാരില്‍ നിന്ന് കേന്ദ്രസര്‍ക്കാരിലേക്ക്
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തുറന്നുവിട്ട ഭൂതമാണ് 'ഒണ്‍ട്രിയ അറസ്' എന്ന പദം. അതായത്, ഇന്ത്യ ഗവണ്‍മെന്റ്, കേന്ദ്രസര്‍ക്കാര്‍ (സെന്‍ട്രല്‍ ഗവണ്‍മെന്റ്) അല്ല ഐക്യസര്‍ക്കാര്‍ (യൂനിയന്‍ ഗവണ്‍മെന്റ്) ആണെന്ന് തമിഴ്‌നാട് അസംബ്ലിക്ക് അകത്തും പുറത്തും അദ്ദേഹം വിശേഷിപ്പിച്ചു കൊണ്ടിരിക്കുന്നു. പുറത്തായ ഭൂതത്തെ തിരിച്ചു കുടത്തിലടയ്ക്കാന്‍ ആര്‍.എസ്.എസ് പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്. ഹിന്ദി ഭാഷ സമരകാലത്ത് ഇന്ദിരയെ വിറപ്പിച്ച തമിഴ് ദ്രാവിഡന്‍ ആര്‍.എസ്.എസിന്റെ കൊങ്കുനാട് വിഭജന ഭീഷണിക്കു മുമ്പില്‍ മുട്ടുമടക്കാന്‍ ഒരു സാധ്യതയും കാണുന്നില്ല. ബി.ജെ.പി തമിഴനോട് കൊങ്കുനാട്, അരസുനാട്, പാണ്ടിനാട് എന്നൊക്കെയുള്ള വിഭജന ഭീഷണി മുഴക്കുമ്പോള്‍ തമിഴ്‌നാട് മുതല്‍ ശ്രീലങ്ക, മലേസ്യ, മ്യാന്‍മര്‍, ജപ്പാന്‍, സിംഗപ്പൂര്‍, തായ്‌ലന്‍ഡ് വരെ നീണ്ടുകിടക്കുന്ന തമിഴ് സാംസ്‌കാരിക ധാരയെക്കുറിച്ച് അവര്‍ തിരിച്ചു സംസാരിക്കാന്‍ തുടങ്ങും.
ഇനി മറിച്ചാണ് സംഭവിക്കുന്നതെന്നു സങ്കല്‍പ്പിക്കുക. അതായത് കൊങ്കുനാട്, തമിഴ്‌നാട്ടില്‍ നിന്നു വിഭജിച്ച് ഒരു കേന്ദ്ര ഭരണ പ്രദേശമാക്കുന്നതില്‍ സംഘപരിവാരം വിജയിച്ചാല്‍, വ്യക്തമായി പറഞ്ഞാല്‍ എല്ലാ പ്രദേശങ്ങളുടെയും ചരിത്രം കുഴിച്ചെടുത്തു പുറത്തു വാരിവലിച്ചിട്ടാല്‍ വിഭജനം നടത്തി തങ്ങള്‍ക്കു വഴങ്ങാത്ത ജനതയെ കേന്ദ്ര ഭരണത്തിനു കീഴിലാക്കാന്‍ സാധിക്കുന്നിടത്ത് കാര്യങ്ങളെത്തും, കശ്മീര്‍ പോലെ ലക്ഷദ്വീപ് പോലെ. പഴയ മദ്രാസ് പ്രസിഡന്‍സിക്ക് കീഴിലായിരുന്നു, തിരുകൊച്ചിയും മലബാറും കൂട്ടി കേരളം സംസ്ഥാനം രൂപീകരിക്കുന്നതിനു മുമ്പു മലബാര്‍ പ്രദേശം. ഹൈദരാബാദ് നൈസാമിന്റെ കഥ പറഞ്ഞു ഉവൈസിക്കും ഒരു പണി കൊടുക്കാന്‍ സംഘീവാദികള്‍ക്കു സാധിക്കും.
പ്രാപ്തരായ സംസ്ഥാന ഭരണകൂടങ്ങള്‍
നമ്മുടെ പല സംസ്ഥാനങ്ങളും ഭരിക്കുന്നവരുടെ ഇച്ഛാശക്തി അപാരമാണെന്നതാണ് ഏക ആശ്വാസം. ഭരണനിര്‍വഹണത്തില്‍, അധികാരം പ്രയോഗിക്കുന്നതില്‍, ജനതയുടെ മനസ്സറിയുന്നതില്‍, ഫാഷിസത്തിന്റെ ലക്ഷണങ്ങളെ മുളയിലേ നുള്ളിക്കളയുന്നതില്‍ അവര്‍ കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിക്കുന്ന തരത്തിലാണ് മുന്നേറുന്നത്. കേന്ദ്രമന്ത്രിമാരെക്കാള്‍ കഴിവും പ്രാപ്തിയും തെളിയിക്കുന്ന സംസ്ഥാന മന്ത്രിമാര്‍ നിരവധിയാണ്. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമിനെക്കാള്‍ മികവ് കാണിക്കുന്നത് അമേരിക്കയില്‍ നിന്നു ധനതത്ത്വ ശാസ്ത്രത്തില്‍ ബിരുദമെടുത്ത തമിഴ്‌നാട് സംസ്ഥാന ധനകാര്യമന്ത്രി പളനിവേല്‍ ത്യാഗരാജനാണ്. കേന്ദ്രത്തിന്റെ ഫാഷിസ്റ്റുവല്‍ക്കരണത്തില്‍ സന്ധി ചെയ്യാത്ത മുഴുവന്‍ ഉദ്യോഗസ്ഥരെയും തങ്ങളുടെ സ്റ്റേറ്റിലേക്കു സ്വാഗതം ചെയ്യുന്ന എം.കെ. സ്റ്റാലിനും താക്കീത് നല്‍കാന്‍ പ്രൈംമിനിസ്റ്റര്‍ വിളിച്ചിട്ടും വിട്ടുകൊടുക്കാതെ തന്റെ ചീഫ് സെക്രട്ടറിയെ പ്രൊട്ടക്റ്റ് ചെയ്ത കുറുക്കന്റെ കൗശലമുള്ള മമതയും യോഗിയുടെ വര്‍ഗീയ പ്രസ്താവനയെ പുച്ഛിച്ചു തള്ളി പഞ്ചാബിലെ മലാര്‍കോട്‌ല എന്ന മുസ്‌ലിം ഭൂരിപക്ഷ പ്രദേശം ജില്ലയായി പ്രഖ്യാപിച്ച പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും സംഘപരിവാര ഭരണകൂടത്തെ വെല്ലുവിളിക്കുന്നവരുടെ ലിസ്റ്റില്‍ പെടും.
ലോകത്ത് സ്ഥിരതയില്ലാത്ത പലതില്‍ ഒന്നാണ് രാജ്യാന്തര മാപ്പുകളിലെ വരകള്‍. പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇടയ്ക്കിടെ മാറ്റി വരയ്ക്കുന്ന രാജ്യാതിര്‍ത്തികള്‍. അലക്‌സാണ്ടര്‍, ചെങ്കിസ്ഖാന്‍, നെപ്പോളിയന്‍ അങ്ങനെ രാജ്യാതിര്‍ത്തികള്‍ മാറ്റിവരച്ചവര്‍ നിരവധിയാണ്. ലോകം നിയന്ത്രിച്ചിരുന്ന സോവിയറ്റ് യൂനിയന്റെ അതിര്‍ത്തിരേഖകള്‍ ഇപ്പോഴത്തെ മാപ്പില്‍ തപ്പിയാല്‍ കിട്ടില്ല. 1980കളിലെ വേള്‍ഡ് മാപ്പില്‍ നോക്കേണ്ടി വരും. ലോകത്തെ ഏറ്റവും വലിയ രാജ്യമായിരുന്ന യു.എസ്.എസ്.ആര്‍ ഇന്ന് അനവധി രാജ്യങ്ങളാണ്. 1947നു മുമ്പ് ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളിലായിരുന്നു പാകിസ്താനും ബംഗ്ലാദേശും. അതിനു മുമ്പു നമ്മള്‍ പതിനായിരക്കണക്കിനു നാട്ടുരാജ്യങ്ങളും. ഇങ്ങനെ ഒരു രാജ്യമുണ്ടാക്കി തന്നത് മുഗള്‍ രാജവംശമായിരുന്നു. കൊറിയ രണ്ടായപ്പോഴും ബര്‍ലിന്‍ മതില്‍ പൊളിഞ്ഞു ജര്‍മനി ഒന്നായപ്പോഴും നമ്മള്‍ വീണ്ടും വീണ്ടും രാജ്യാതിര്‍ത്തികള്‍ മാറ്റി വരച്ചു കൊണ്ടിരിക്കുകയാണ്.
നമ്മുടെ ദേശീയത ഒരുപാട് ഉപദേശീയതകളുടെ കോണ്‍ഫെഡറേഷനാണെന്ന വസ്തുത നാം മനസ്സിലാക്കിയേ മതിയാവൂ. തമിഴന്‍, കന്നഡ, മറാത്തി, പഞ്ചാബി, ബിഹാരി, ബംഗാളി, ഗോത്ര വര്‍ഗക്കാര്‍, അവരുടെ സംസ്‌കാരം, സ്വത്വം, ഭാഷ, ചരിത്രം, ആചാരം അതെല്ലാം നമ്മുടെ രാജ്യമെന്ന വാക്കില്‍ അന്തര്‍ലീനമായിട്ടുണ്ട്. അതെല്ലാം ഉള്‍ക്കൊള്ളുന്ന അവരുടെ 'ഐക്യ സര്‍ക്കാര്‍' ആണ് നമ്മളെന്നു ഡല്‍ഹിയിലുള്ളവര്‍ എന്നു മറക്കാന്‍ തുടങ്ങുന്നുവോ അന്ന് ഇന്ത്യയുടെ തകര്‍ച്ചയുടെ ആരംഭം കുറിക്കും. ഫെഡറലിസം, ജനാധിപത്യം, മതേതരത്വം എന്നീ വേലിക്കെട്ടുകളില്‍ എപ്പോഴൊക്കെ സര്‍ക്കാരുകള്‍ അനാവശ്യമായി കയറി ഇടപെടാന്‍ തുടങ്ങുന്നുവോ അവിടെ ആ സര്‍ക്കാര്‍ 'അനൈക്യ സര്‍ക്കാര്‍' ആവും. അതാണ് സ്റ്റാലിന്‍ തുറന്നുവിട്ട ഭൂതം നമ്മെ ഉണര്‍ത്തുന്നതും നമ്മോടു പറയുന്നതും.