പട്ടേല്‍ പ്രതിമ: ടിക്കറ്റ് വില്‍പ്പനയില്‍ കോടികളുടെ തട്ടിപ്പ്; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു
അഹമ്മദാബാദ്: ഗുജറാത്തില്‍ സ്ഥാപിച്ച സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ പ്രതിമ (സ്റ്റാച്യു ഓഫ് ലിബര്‍ട്ടി) സന്ദര്‍ശിക്കാനെത്തിയവരില്‍ നിന്ന് ഈടാക്കുന്ന പ്രവേശന ഫീസില്‍ നിന്ന് കോടികള്‍ തട്ടിച്ചതായി ആരോപണം. പോലിസ് ഇതുസംബന്ധിച്ച് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഏതാനും പേര്‍ക്കെതിതരേ കേസെടുത്തിട്ടുണ്ട്.
ടിക്കറ്റ് വില്‍പ്പനയില്‍ നിന്ന് ലഭിച്ച 5.24 കോടി രൂപ ബാങ്കില്‍ നിക്ഷേപിക്കാതെ നവംബര്‍ 2018, മാര്‍ച്ച് 2020 കാലയളവില്‍ കബളിപ്പിച്ചുവെന്നാണ് കേസ്.
പണം പിരിക്കാനും പിരിച്ച തുക അടുത്ത ദിവസം ബാങ്കില്‍ നിക്ഷേപിക്കാനും ഒരു ഏജന്‍സിയെ ഏല്‍പ്പിച്ചിരിക്കുകയാണ്. രണ്ട് അക്കൗണ്ടുകളിലായി പണം നിക്ഷേപിക്കണമെന്നായിരുന്നു നിര്‍ദേശം. ആ പണത്തിലാണ് കൃത്രിമം നടത്തിയതെന്ന് നര്‍മദയിലെ ഡിഎസ്പി വാണി ദുധാത്ത് പറഞ്ഞു.
പണം സ്വീകരിക്കുന്ന സ്വകാര്യബാങ്കിന്റെ മാനേജറാണ് ടിക്കറ്റിന്റെ പണം പിരിക്കുന്ന ഏജന്‍സിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ജീവനക്കാര്‍ക്കെതിരേ കേസ് നല്‍കിയത്.
ഐപിസിയുടെ 420, 406, 120 ബി (വഞ്ചന, കുറ്റകരമായ ഗൂഢാലോചന) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഗുജറാത്തിലെ നര്‍മദ ജില്ലിയിലെ കെവാഡിയയിലാണ് സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ ബ്രഹത്തായ പൂര്‍ണകായ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. പ്രതിമയോടൊപ്പം ഉദ്യാനവും സജ്ജീകരിച്ചിട്ടുണ്ട്.
ലോക്ക് ഡൗണിനു മുമ്പ് ഓണ്‍ലൈന്‍ വഴി ടിക്കറ്റ് വാങ്ങാനുള്ള സൗകര്യം നല്‍കിയിരുന്നു.
നവംബര്‍ 1, 2018 മുതല്‍ നവംബര്‍ 16 2019 വരെ 82.51 കോടി രൂപയാണ് പ്രതിമ കാണാനെത്തിയവരില്‍ നിന്ന് പിരിഞ്ഞതെന്ന് ഗുജറാത്ത് ടൂറിസം മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.