കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹരജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.റോഡുകളുടെ കുഴി അടക്കല്‍ പ്രവര്‍ത്തികളുടെ പുരോഗതി കോടതി വിലയിരുത്തും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്.
എറണാകുളം, തൃശൂര്‍ ജില്ലാ കലക്ടര്‍മാര്‍ അടക്കം നല്‍കിയ റിപോര്‍ട്ടുകള്‍ കോടതി പരിശോധിക്കും.സംസ്ഥാനത്ത് തകര്‍ന്ന് കിടക്കുന്ന ദേശീയപാതകള്‍ അടിയന്തരമായി നന്നാക്കണമെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.ഉത്തരവ് എത്രത്തോളം നടപ്പായെന്ന് കോടതി പരിശോധിക്കും. പൊതുമരാമത്ത് വകുപ്പും, ദേശീയ പാത അതോറിറ്റിയും റോഡുകള്‍ നന്നാക്കുന്നതിന്റെ പുരോഗതി കോടതിയെ അറിയിക്കും.
മണ്ണൂത്തി കറുകുറ്റി ദേശീയ പാതയിലെ കുഴിയടക്കല്‍ ശരിയായ രീതിയില്‍ അല്ലായിരുന്നുവെന്നാണ് തൃശൂര്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നത്.റോഡുകള്‍ നന്നാക്കുന്നതില്‍ കരാറുകാരന്റെ ഭാഗത്ത് നിന്ന് ഗുരുതര പിഴവുകളുണ്ടായി. കുഴികള്‍ അടക്കാന്‍ കോള്‍ഡ് മിക്‌സ് ഉപയോഗിച്ചു. ഉത്തരവാദിത്തപ്പെട്ട ആരും റോഡ് പണി നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും കലക്ടര്‍ റിപോര്‍ട്ടില്‍ അറിയിച്ചിട്ടുണ്ട്. പുതുക്കാട് ഭാഗത്തെ ദേശീയ പാത അടിയന്തരമായി നന്നാക്കേണ്ടതുണ്ടെന്നും കലക്ടര്‍ റിപോര്‍ട്ടില്‍ അറിയിച്ചിട്ടുണ്ട്.ദേശീയപാതയിലെ അടക്കം കുഴി അടക്കലില്‍ എറണാകുളം ജില്ലാ കലക്ടറും റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.