പയ്യന്നൂരിലെ സിപിഎം പാര്‍ട്ടി ഫണ്ട് തിരിമറി: വി കുഞ്ഞികൃഷ്ണനെ തിരിച്ചെത്തിക്കാനുള്ള പി ജയരാജന്റെ നീക്കം പരാജയം
കണ്ണൂര്‍: സിപിഎം പാര്‍ട്ടി ഫണ്ട് വിവാദത്തില്‍ ഏരിയാസെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയ വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കാനുള്ള സിപിഎം നേതാവ് പി ജയരാജന്റെ നീക്കം പാളി. ഫണ്ട് തിരിമറിക്കെതിരേ തെളിവ് സഹിതം പരാതി നല്കിയ കുഞ്ഞികൃഷ്ണനെ സ്ഥാനത്തുനിന്ന് പുറത്താക്കിയതിനു പിന്നാലെ അദ്ദേഹം പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ജയരാജന് കുഞ്ഞികൃഷ്ണനെ കണ്ടത്.
പി ജയരാജന്റെ അഭ്യര്‍ത്ഥനപ്രകാരം അദ്ദേഹത്തിന്റെ ഓഫിസില്‍വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഏകദേശം പത്ത് മിനിറ്റ് മാത്രമേ കൂടിക്കാഴ്ച നീണ്ടുനിന്നുള്ളൂ. തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്നും കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കുഞ്ഞികൃഷ്ണനെ പുറത്താക്കിയതില്‍ പാര്‍ട്ടിയില്‍ വലിയ എതിര്‍പ്പുണ്ടായിട്ടുണ്ട്. 21 പേരുള്ള ഏരിയാകമ്മിറ്റി യോഗത്തില്‍ 16 പേരും നടപടിയെ എതിര്‍ത്തെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. നടപടിക്കെതിരേ സാമൂഹികമാധ്യമങ്ങളിലും പ്രതിഷേധമുയര്‍ന്നു. തുടര്‍ന്നാണ് പാര്‍ട്ടി നേതൃത്വം രംഗത്തിറങ്ങിയത്.
തിരിമറിയുടെ ഭാഗമായി എംഎല്‍എ ടി ഐ മധുസൂദനനെ ജില്ലാ കമ്മിറ്റിയില്‍നിന്ന് തരംതാഴ്ത്തി. ഏരിയാകമ്മിറ്റി അംഗങ്ങളായ ടി വിശ്വനാഥന്, കെ കെ ഗംഗാധരന് എന്നിവരെ ലോക്കല്കമ്മിറ്റിയിലേക്ക് മാറ്റി.