കര്‍ഷക പ്രക്ഷോഭം: ഇന്ത്യയുടെ പ്രതിഷേധത്തിനിടയിലും നിലപാട് മാറ്റാതെ ട്രൂഡോ
'സമാധാനമായ പ്രതിഷേധങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും' ഒപ്പം തന്നെയാണ് കാനഡ എപ്പോഴും നിലകൊള്ളുക എന്നാണ് ആവര്‍ത്തിച്ചത്.
ഒട്ടാവ: ഇന്ത്യയിലെ കാര്‍ഷിക പ്രക്ഷോഭത്തെ പിന്തുണച്ചു കൊണ്ടുള്ള നിലപാടിലുറച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. പ്രതിഷേധത്തെ പിന്തുണച്ചു കൊണ്ട് അദ്ദേഹം നേരത്തെ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യ രംഗത്തു വന്നിരുന്നു. .ഇന്ത്യയിലെ കാനഡ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു. കാനഡ ഇത്തരം പ്രവൃത്തികള്‍ തുടരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നായിരുന്നു ഇന്ത്യ കനേഡിയന്‍ ഹൈക്കമ്മീഷണറോട് അറിയിച്ചത്. ട്രൂഡോയുടെ അഭിപ്രായങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ രാജ്യത്തിന്റെറ ആഭ്യന്തര കാര്യങ്ങളില്‍ സ്വീകരിക്കാനാകാത്ത ഇടപെടലുകളാണെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ട്രൂഡോ വ്യക്തമാക്കിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന ഇന്ത്യയുടെ പ്രസ്താവനയെയും ട്രൂഡോ വിലക്കെടുത്തില്ല. ഇന്ത്യയിലെ നിലവിലെ സാഹചര്യങ്ങളില്‍ ആശങ്കയുണ്ടെന്നും സമാധാനമായി പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ കാനഡ എപ്പോഴും ഉണ്ടാകുമെന്നും ആയിരുന്നു കര്‍ഷകസമരത്തെ പിന്തുണച്ച് ട്രൂഡോ ആദ്യം നടത്തിയ പ്രസ്താവന. ഇതിലുറച്ച് നിന്ന അദ്ദേഹം 'സമാധാനമായ പ്രതിഷേധങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും' ഒപ്പം തന്നെയാണ് കാനഡ എപ്പോഴും നിലകൊള്ളുക എന്നാണ് ആവര്‍ത്തിച്ചത്.