മാള: വെണ്ണൂരില്‍ കെ റെയിലിനെതിരേ ജനകീയ സമിതി രൂപീകരിച്ചു. കേരളത്തിന്റെ സാമ്പത്തിക, സാമൂഹ്യ, പാരിസ്ഥിതിക മേഖലക്ക് വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും എന്നുറപ്പുള്ള കെ റെയില്‍ സില്‍വര്‍ ലൈനിനെതിരെ മത, രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്നു പോരാടാന്‍ ജനകീയ സമിതി തീരുമാനിച്ചു. പ്രക്ഷോഭ പരിപാടികളുടെ ആദ്യപടിയായി ഈമാസം 27 ഞായറാഴ്ച വൈകുന്നേരം അഞ്ച് മണി മുതല്‍ വെണ്ണൂര്‍പാടം കനാല്‍ മുതല്‍ ആലത്തൂര്‍ ജംഗ്ഷന്‍ വരെ പ്രതിഷേധ പ്രകടനം നടക്കും. വെണ്ണൂര്‍ മേലഡൂര്‍ പ്രദേശത്തെ സില്‍വര്‍ ലൈന്‍ ഇരകളും അവരോടൊപ്പം ഒറ്റക്കെട്ടായുള്ള മുഴുവന്‍ നാട്ടുകാരും കുടുംബസമേതം ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രകടനത്തില്‍ പങ്കെടുക്കും. മഹാപ്രളയം തളര്‍ത്തിയ നാടിനെ നാടിനെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഈ സമയത്ത്, നാടിനെ രണ്ടായി മുറിച്ചുകൊണ്ട് അനേകം കുടുംബങ്ങളെ വഴിയാധാരമാക്കിക്കൊണ്ട് വരുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ, കല്ലുകള്‍ പിഴുതെറിയുന്നതുള്‍പ്പെടെയുള്ള ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കും എന്ന് ജനകീയ സമിതി ഭാരവാഹികളായ പോളി ആന്റണി, യു എ ജോര്‍ജ്ജ്, ബാബു വര്‍ഗ്ഗീസ്, ആല്‍ബിന്‍ ജോയ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.