ദുബയ്: യുദ്ധക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന യുക്രെയ്ന്‍ ജനതയ്ക്ക് ദുരിതാശ്വാസ സഹായമായി യുഎഇ 10 കോടി ഡോളര്‍ പ്രഖ്യാപിച്ചു. യുക്രേനിയന്‍ പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കിയുമായി ഫോണില്‍ ചര്‍ച്ച നടത്തിയ ശേഷം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചത്.
യുദ്ധത്തിന്റെയും സംഘര്‍ഷത്തിന്റെയും ഘട്ടങ്ങളില്‍ ഐക്യദാര്‍ഢ്യം അറിയിക്കുന്നതിന്റെ ഭാഗമായാണ് സഹായം അനുവദിച്ചതെന്ന് യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാശിമി പറഞ്ഞു. അഭയാര്‍ഥികളുടെ ക്ഷേമത്തിനും തുക വിനിയോഗിക്കും. ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരമാണ് മാനുഷിക സഹായമെത്തിക്കുന്നതിന് നേരത്തെ തുടക്കം കുറിച്ചത്. നേരത്തെയും യുക്രെയ്‌ന് യുഎഇ സഹായം അനുവദിച്ചിരുന്നു.