ചെക്കുന്ന് മല സംരക്ഷിക്കാന്‍ ജനകീയ പ്രക്ഷോഭം: നാളെ രണ്ടാം ജനകീയ മാരത്തോണ്‍
ഏറനാടിന്റെ പൈതൃകംകാത്തു തലയെടുപ്പോടെ നില്‍ക്കുന്ന ചെക്കുന്ന് മല നിലമ്പൂര്‍ ഫോറസ്റ്റ് നോര്‍ത്ത് ഡിവിഷന്‍ ഡി എഫ്ഒയുടെകീഴിലുള്ള എടവണ്ണ റെയ്ഞ്ചില്‍ കൊടുമ്പുഴ ഫോറസ്റ്റ് സ്‌റ്റേഷന് കീഴിലുള്ള വനഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്.
കൃഷ്ണന്‍ എരഞ്ഞിക്കല്‍
മലപ്പുറം: അരീക്കോട് സമുദ്രനിരപ്പില്‍ നിന്ന് 2000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചെക്കുന്ന് മല സംരക്ഷണത്തിന് ജനകീയ പ്രക്ഷോഭം ശക്തമാവുന്നു. ചെക്കുന്ന് മല സംരക്ഷിക്കുന്നതിനായി ജനകീയ കൂട്ടായ്മയില്‍ സേവ് ചെക്കുന്ന് സമിതി രൂപികരിച്ച് നാളെ പരിസര വാസികള്‍ ബഹുജന മാരത്തോണ്‍ നടത്തും. ഏറനാടിന്റെ പൈതൃകംകാത്തു തലയെടുപ്പോടെ നില്‍ക്കുന്ന ചെക്കുന്ന് മല നിലമ്പൂര്‍ ഫോറസ്റ്റ് നോര്‍ത്ത് ഡിവിഷന്‍ ഡി എഫ്ഒയുടെകീഴിലുള്ള എടവണ്ണ റെയ്ഞ്ചില്‍ കൊടുമ്പുഴ ഫോറസ്റ്റ് സ്‌റ്റേഷന് കീഴിലുള്ള വനഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്.
8000ലത്തിലധികം ഏക്കര്‍ ഭൂമി ചെക്കുന്നിന്റെ ഭാഗമായ ഓടക്കയം വെറ്റിലപ്പാറ, പൂവ്വത്തിക്കല്‍, ഒതായി ഭാഗങ്ങളില്‍ വ്യാപിച്ചുകിടക്കുന്നത് റവന്യു വകുപ്പ് റിസര്‍വ്വേ നടത്താത്തതു കൊണ്ട് ക്വാറി മാഫിയയുള്‍പ്പെടെയുള്ളവര്‍ കൈയേറ്റം നടത്തി തണ്ട പേര് മാറ്റി രേഖകള്‍ ഉണ്ടാക്കി അനധികൃത ഖനനം നടത്തിയത് വിവാദമായിരുന്നു.
വനം വകുപ്പിന്റെ പരിധിയില്‍പെട്ട ചെക്കുന്നില്‍ വിവിധ ഭാഗങ്ങളിലായി ഏഴിലേറെ ക്വാറികള്‍ നിരന്തരമായി പ്രവര്‍ത്തിക്കുന്നതു കൊണ്ട് വന്യമൃഗങ്ങള്‍ അപ്രത്യക്ഷമായെന്ന് വനംവകുപ്പ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. വിവിധയിനം വെരുകുകള്‍, കാട്ടുപൂച്ചകള്‍, കുരങ്ങുകള്‍, മുള്ളന്‍പന്നികള്‍, കാട്ടാടുകള്‍, മുയല്‍ ഉള്‍പ്പെടെ സംരക്ഷിത വിഭാഗത്തില്‍പ്പെട്ട നിരവധി മൃഗങ്ങള്‍ ഇവിടെ ഉണ്ടായിരുന്നതായും അധികൃതര്‍ വ്യക്തമാക്കുന്നു. തുടര്‍ച്ചയായുള്ള സ്‌ഫോടനം മൂലമാണ് ഇവ അപ്രത്യക്ഷ്യമായത്. മയില്‍ ഉള്‍പ്പെടെയുള്ള പക്ഷികളും അപൂര്‍വ്വ ശലഭങ്ങളും ദേശാടന കിളികളും വിഹരിച്ചിരുന്ന ചെക്കുന്ന് മലയില്‍ മുന്‍പ് ജൈവ വൈവിധ്യമാര്‍ന്ന പ്രദേശമായിരുന്നു.
ചെക്കുന്നിലെ കൊല്ലം കൊല്ലി വെള്ളച്ചാട്ടം ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ഇടമാണ്. ഈ മേഖലയിലാണ് നിരന്തര ഖനനത്തിന്റെ ഫലമായി കഴിഞ്ഞ വര്‍ഷം ഒരു കിലോമീറ്ററോളം വിള്ളല്‍ രൂപപ്പെട്ടത് ജനങ്ങളെ ആശങ്കയിലാഴത്തിയിരുന്നു. ചെക്കുന്ന് കാളിയാര്‍ മലയില്‍ വിള്ളല്‍ സംഭവിച്ചത് റവന്യു ജിയോളജി സംഘം പഠനം നടത്തിയിരുന്നെങ്കിലും കൃത്യമായ വിശദീകരണം നല്‍കാന്‍ ബന്ധപ്പെട്ടവര്‍
തയ്യാറാകാത്തത് ക്വാറി മാഫിയകള്‍ക്ക് വേണ്ടിയാണെന്ന ആക്ഷേപമുയര്‍ന്നിരുന്നു. മഴക്കാലമായാല്‍ ചെക്കുന്ന് മലക്ക് താഴെയുള്ള ആയിരക്കണക്കിന് കുടുംബങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നത്.നിലമ്പൂര്‍ കവളപ്പാറയില്‍ ഉണ്ടായ ദുരന്തത്തിന് സമാനമായ അനുഭവം ഉണ്ടാകുമെന്ന ഭീതി കാരണമാണ് ചെക്കുന്ന് സംരക്ഷണവുമായി ജനങ്ങള്‍ ഇറങ്ങാന്‍ നിര്‍ബന്ധിതരായത്.
2007ല്‍ ഹാസാര്‍ഡ് നടത്തിയ പഠനത്തില്‍ ചെക്കുന്ന് മല 60 ഡിഗ്രി ചെരിവും 4.5 മീറ്റര്‍ മണ്ണിന്റെ കനവുമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 60 ഡിഗ്രി മുതല്‍ ചരിവുള്ള പ്രദേശങ്ങളില്‍ ക്വാറി അനുവദിക്കാന്‍ പാടില്ല എന്ന വ്യവസ്ഥ നിലനില്‍ക്കെയാണ് ചെക്കുന്ന് മലക്ക് ചുറ്റും ക്വാറികള്‍ അനുവദിച്ചതില്‍ രാഷ്ട്രീയ-വനം -റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയാണെന്ന ആക്ഷേപമുയര്‍ന്നിരുന്നു.