നെയ്യാര്‍-പേപ്പാറ സംരക്ഷിതമേഖല: കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് കേരളം
2021ല്‍ സംസ്ഥാനം നല്‍കിയ ശുപാര്‍ശകള്‍ അംഗീകരിച്ച് പുതിയ വിജ്ഞാപനം ഇറക്കണമെന്ന് കേന്ദ്രത്തെ അറിയിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍
തിരുവനന്തപുരം: നെയ്യാര്‍, പേപ്പാറ വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശം സംരക്ഷിതമേഖലയാക്കിയുള്ള കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടും. 2021ല്‍ സംസ്ഥാനം നല്‍കിയ ശുപാര്‍ശകള്‍ അംഗീകരിച്ച് പുതിയ വിജ്ഞാപനം ഇറക്കണമെന്ന് കേന്ദ്രത്തെ അറിയിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി. പഞ്ചായത്തുകളുടെ ആശങ്കകള്‍ പരിശോധിക്കാനായി വനംമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതലയോഗം ചേര്‍ന്നു.
അമ്പൂരി, വിതുര, കള്ളിക്കാട് പഞ്ചായത്തുകളെ പൂര്‍ണമായി ഒഴിവാക്കി സംരക്ഷിത മേഖല പ്രഖ്യാപിക്കണമെന്നായിരിക്കും കേരളം ആവശ്യപ്പെടുക. വിതുര, കുറ്റിച്ചല്‍ പഞ്ചായത്തുകളിലെ ജനവാസകേന്ദ്രങ്ങളും ഒഴിവാക്കണം. 2021ല്‍ സംസ്ഥാനം നല്‍കിയ ശുപാര്‍ശ പരിഗണിക്കാതെ, 2020ല്‍ നല്‍കിയ ശുപാര്‍ശ കേന്ദ്രം കണക്കിലെടുത്തതാണ് നിലവില്‍ ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടാന്‍ കാരണമെന്നാണ് വനംമന്ത്രിയുടെ വിശദീകരണം. ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കണമെന്ന ശുപാര്‍ശ എന്തുകൊണ്ട് അംഗീകരിച്ചില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. സംസ്ഥാനത്തിന്റെ ശുപാര്‍ശകള്‍ തള്ളിയതില്‍ കേന്ദ്രത്തെ വിയോജിപ്പ് അറിയിക്കും. ആവശ്യമെങ്കില്‍ പുതിയ ശുപാര്‍ശ സമര്‍പ്പിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു.
പഞ്ചായത്ത് പ്രതിനിധികളും അരുവിക്കര, പാറശ്ശാല എംഎല്‍എമാരും, വനം ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. വനംമന്ത്രിയുടെ ഉറപ്പ് കണക്കിലെടുത്ത് ഹര്‍ത്താല്‍ പോലെയുള്ള പരസ്യപ്രതിഷേധങ്ങള്‍ ആക്ഷന്‍ കൗണ്‍സിലുകള്‍ തത്കാലത്തേക്ക് ഒഴിവാക്കും. 2020ല്‍ കേന്ദ്രത്തിന് സംസ്ഥാനം നല്‍കിയ ശുപാര്‍ശയില്‍ ജനവാസപ്രദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്നു എന്നാണ് മന്ത്രി ഇപ്പോള്‍ സമ്മതിക്കുന്നത്.
71.27 സ്‌ക്വയര്‍ കി.മീ പ്രദേശമായിരുന്നു അന്നത്തെ ശുപാര്‍ശ പ്രകാരം സംരക്ഷിതമേലയില്‍പ്പെടുക. ഇത് തിരുത്തി 2021ല്‍ പുതിയ നിര്‍ദ്ദേശം നല്‍കി. അതുപ്രകാരം 52.036 സ്‌ക്വയര്‍ കി.മീ പ്രദേശം മാത്രമേ സംരക്ഷിതമേഖലയിള്‍ ഉള്‍പ്പെടൂ. സംസ്ഥാനത്തെ കൂടുതല്‍ വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള സംരക്ഷിതമേഖലയുടെ പട്ടിക ഇനി പുറത്തിറങ്ങാനുണ്ട്. അപ്പോഴും സമാന പ്രതിസന്ധിയുണ്ടായേക്കാം എന്ന ആശങ്ക ശക്തമാണ്.
സംരക്ഷിത മേഖലയാക്കാനുള്ള കേന്ദ്രകരട് വിജ്ഞാപനത്തിനെതിരേ ഇന്നലെ നെയ്യാര്‍ പേപ്പാറ പ്രദേശങ്ങളില്‍ ഹര്‍ത്താലാചരിച്ച് പ്രദേശവാസികള്‍ പ്രതിഷേധിച്ചിരുന്നു.