സുപ്രിം കോടതിയ്ക്കെതിരേ നേതാക്കളുടെ പരാമര്‍ശങ്ങള്‍; പാര്‍ട്ടി നിലപാടല്ല, വ്യക്തിപരമായ പരാമര്‍ശങ്ങള്‍ മാത്രം: ജെ പി നദ്ദ

മുംബൈ: സുപ്രിം കോടതിക്കെതിരെ ബിജെപി നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ തള്ളിക്കളഞ്ഞ് പാര്‍ട്ടി ദേശീയ നേതൃത്വം. സുപ്രിംകോടതിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കുമെതിരെ ബിജെപി നേതാക്കളായ നിഷികാന്ത് ദുബേ, ദിനേഷ് ശര്‍മ എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങളെയാണ് ബിജെപി അധ്യക്ഷന്‍ തള്ളിക്കളഞ്ഞതും നേതാക്കള്‍ക്ക് താക്കീത് നല്‍കിയതും. ഇവരുടെയും പരാമര്‍ശങ്ങള്‍ വ്യക്തിപരമാണെന്നും ഇതല്ല ബിജെപിയുടെ നിലപാടെന്നും പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ പറഞ്ഞു. പാര്‍ട്ടിക്ക് ഇത്തരം പരാമര്‍ശങ്ങളോട് യോജിപ്പില്ലെന്നും ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി. ബിജെപി നേതാക്കള്‍ മാത്രമല്ല ഉപരാഷ്ട്രപദി ജഗ്ദീപ് ധന്‍ഖറും കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും സുപ്രിം കോടതിയ്ക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. രാജ്യത്തെ പരമോന്നത കോടതിയ്ക്കെതിരെ ഭരണകക്ഷിയുടെ അംഗങ്ങള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയപ്പോഴാണ് ഇതെല്ലാം വ്യക്തിപരമാണെന്നും പാര്‍ട്ടിയ്ക്ക് ബന്ധമില്ലെന്നും വ്യക്തമാക്കി ബിജെപി രംഗത്ത് വന്നത്.
ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് നിഷികാന്ത് ദുബേയ്ക്കും ദിനേശ് ശര്‍മ്മയ്ക്കും ബിജെപി നിര്‍ദേശം നല്‍കിയപ്പോഴും ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന തങ്ങളുടെ നേതാക്കളുടെ പരാമര്‍ശങ്ങളില്‍ വിശദീകരണം ഉണ്ടായിട്ടില്ല. രാജ്യത്ത് മതസംഘര്‍ഷങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത് സുപ്രിംകോടതിയാണെന്ന് വരെ ബിജെപി എംപി നിഷികാന്ത് ദുബേ പറഞ്ഞിരുന്നു. സുപ്രിംകോടതി പരിധി വിടുകയാണെന്നും കോടതി നിയമങ്ങളുണ്ടാക്കാന്‍ തുടങ്ങുകയാണെങ്കില്‍ പാര്‍ലമെന്റ് മന്ദിരം അടച്ചിടാമെന്നും വരെ ദുബേ പറഞ്ഞു. ബില്ലുകള്‍ പാസാക്കുന്നതില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ചുള്ള സുപ്രിംകോടതി ഉത്തരവ് ഗവര്‍ണര്‍മാരെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന കേന്ദ്രസര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു. ഇതോടെയാണ് ബിജെപി നേതാക്കള്‍ സുപ്രീം കോടതിയെ ആക്ഷേപിച്ച് രംഗത്തുവന്നത്.