പെരിന്തല്‍മണ്ണ: രണ്ട് കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് കസ്റ്റഡിയില്‍

Update: 2021-03-09 10:28 GMT

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ചെരക്കാപറമ്പില്‍ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പെരിന്തല്‍മണ്ണ എക്‌സൈസ് റേഞ്ച് പാര്‍ട്ടിയുടെ പട്രോളിങ്ങിനിടെയാണ് പെരിന്തല്‍മണ്ണ പുഴക്കാട്ടിരി വില്ലേജില്‍ കടുങ്ങാപുരം ദേശത്ത് ചെമ്പന്‍ വീട്ടില്‍ ബുഷ്‌റ മകന്‍ സുബൈര്‍ (40) നെ പിടികൂടിയത്. കഞ്ചാവിനൊപ്പം കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും പിടികൂടി. ഇയാള്‍ രണ്ടാഴ്ചയായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

ചില്ലറ വില്‍പനയ്ക്കായി അങ്ങാടിപ്പുറം-പെരിന്തല്‍മണ്ണ ഭാഗത്തേക്ക് വരുമ്പോഴാണ് അറസ്റ്റ് ചെയ്തത്. സ്‌ക്കൂട്ടറിന്റെ സീറ്റിനടിയില്‍ ആണ് കഞ്ചാവ് ഒളിപ്പിച്ച് വെച്ചിരുന്നത്. പേരറിയാത്ത ഒരാളില്‍ നിന്നും കിലോയ്ക്ക് 25,000/ രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇയാള്‍ മൊഴി നല്‍കി.

സ്‌കൂള്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് 300 രൂപയുടെയും 500 രൂപയുടെയും പേക്കുകളിലാക്കിയാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പനനടത്തുന്നതെന്ന് റേഞ്ച് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് അബ്ദുള്‍ സലിം അറിയിച്ചു. റെയിഡില്‍ ഇന്‍സ്‌പെക്ടര്‍ക്ക് പുറമേ പ്രിവന്റീവ് ഓഫിസര്‍ വി.കുഞ്ഞിമുഹമ്മദ്, കെ.എം.ശിവപ്രകാശ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എ.വി.ലെനിന്‍, വി.കെ.ശരീഫ്, കെ.അബിന്‍ രാജ്, ബി.വിനോദ് എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News