പെരിയ ഇരട്ടക്കൊല: സിപിഎം നേതാക്കളുടെ അറിവോടെ നടന്ന ആസൂത്രിത കൊലപാതകമെന്ന് കെകെ അബ്ദുല്‍ ജബ്ബാര്‍
ഈ കേസ് സിബിഐക്ക് വിടാതിരിക്കാന്‍ പതിനെട്ടടവും പയറ്റിയ സിപിഎമ്മിന്റെയും ഇടതു സര്‍ക്കാരിന്റെയും താല്‍പ്പര്യം ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.
തിരുവനന്തപുരം: കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കൊണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ബ്രാഞ്ച് സെക്രട്ടറിയടക്കം പാര്‍ട്ടി നേതാക്കള്‍ അറസ്റ്റിലായതോടെ സിപിഎമ്മിന്റെ ആസൂത്രിത കൊലപാതകത്തിന്റെ ചുരുളഴിയുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. സിപിഎം എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ചു നേതാക്കളെയാണ് സിബിഐ അറസ്റ്റു ചെയ്തിരിക്കുന്നത്. കേസില്‍ ഉദുമ ഏരിയാ സെക്രട്ടറിയായിരുന്ന മണികണ്ഠന്‍ ഉള്‍പ്പെടെ പ്രതിയാണ്. ഈ കേസ് സിബിഐക്ക് വിടാതിരിക്കാന്‍ പതിനെട്ടടവും പയറ്റിയ സിപിഎമ്മിന്റെയും ഇടതു സര്‍ക്കാരിന്റെയും താല്‍പ്പര്യം ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. സിബിഐ അന്വേഷണത്തിന് ഹൈക്കോടതി നല്‍കിയ ഉത്തരവിനെതിരേ കൊലക്കേസ് പ്രതികളായ സിപിഎം നേതാക്കളെ രക്ഷിക്കാന്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കി ലക്ഷക്കണക്കിന് രൂപയാണ് ഖജനാവില്‍ നിന്നു ചെലവഴിച്ചത്. 2019 ഫെബ്രുവരി 17 ന് നടന്ന ഇരട്ടക്കൊലപാതകത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തെ പിന്നില്‍ നിന്നു നിയന്ത്രിച്ച് പ്രതികളെ രക്ഷിക്കാനായിരുന്നു ഇടതു സര്‍ക്കാര്‍ ശ്രമിച്ചതെന്നു വ്യക്തമായിരിക്കുകയാണ്. സംസ്ഥാനത്ത് സിപിഎം നടത്തുന്ന അക്രമരാഷ്ട്രീയവും കൊലപാതകങ്ങളും ഇതിനകം തന്നെ വ്യക്തമായതാണ്. എതിരാളികളെ വെട്ടിവീഴ്ത്തുകയും ഭരണസ്വാധീനമുപയോഗിച്ച് കേസില്‍ പ്രതികളെ രക്ഷിക്കുകയുമാണ് സിപിഎം ചെയ്യുന്നത്.
ഫസല്‍ കേസിലുള്‍പ്പെടെ കോടതി ഇടപെടല്‍ മൂലമാണ് യഥാര്‍ത്ഥ പ്രതികളായ സിപിഎം നേതാക്കള്‍ പിടിക്കപ്പെട്ടത്. ഈ കേസില്‍ കാരായി രാജനുള്‍പ്പെടെയുള്ള സിപിഎം നേതാക്കളിലേക്ക് അന്വേഷണം തിരിഞ്ഞതോടെ അന്വേഷണ സംഘ തലവനായ രാധാകൃഷ്ണനെ പോലും വേട്ടയാടാനും കൊലപ്പെടുത്താനും വരെ ശ്രമമുണ്ടായി. സര്‍വീസില്‍ നിന്നു സസ്‌പെന്റ് ചെയ്യപ്പെട്ട അദ്ദേഹം പെന്‍ഷന്‍ പോലും തടയപ്പെട്ട് ഇപ്പോള്‍ സെക്യൂരിറ്റി ജോലി ചെയ്തു ജീവിതം നയിക്കുമ്പോഴും വേട്ടയാടല്‍ തുടരുകയാണ്. ഷുക്കൂറിനെ പരസ്യ വിചാരണ നടത്തി വെട്ടിക്കൊലപ്പെടുത്തിയതും സിപിഎമ്മിന്റെ ക്രൂരമുഖമാണ് വ്യക്തമാക്കുന്നത്. അക്രമ രാഷ്ട്രീയവും കൊലപാതകവും ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറാവണമെന്നും സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സിപിഐ ഉള്‍പ്പെടെയുള്ള ഇടതുഘടക കക്ഷികള്‍ തയ്യാറാവണമെന്നും അബ്ദുല്‍ ജബ്ബാര്‍ വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.