സ്വപ്‌നയ്‌ക്കെതിരെ കെടി ജലീലിന്റെ പരാതി: ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേത്യത്വത്തിലുള്ള സംഘം അന്വേഷിക്കും

തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ് മധുസൂദനന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും. കണ്ണൂര്‍ അഡീഷണല്‍ എസ്പി സദാനന്ദനും സംഘത്തിലുണ്ട്. 11 അംഗ സംഘത്തില്‍ പത്ത് അസിസ്റ്റന്റ് കമ്മീഷണര്‍മാരും ഒരു ഇന്‍സ്‌പെക്ടറുമുണ്ട്

Update: 2022-06-09 09:47 GMT

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ കെടി ജലീല്‍ നല്‍കിയ പരാതി പ്രത്യേക സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘമാണ് കന്റോണ്‍മെന്റ് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിക്കുക. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി, എസ് മധുസൂദനന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും, കണ്ണൂര്‍ അഡീഷണല്‍ എസ്പി സദാനന്ദനും സംഘത്തിലുണ്ട്. 11 അംഗ സംഘത്തില്‍ പത്ത് അസിസ്റ്റന്റ് കമ്മീഷണര്‍മാരും ഒരു ഇന്‍സ്‌പെക്ടറും ഉണ്ട്.

സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ക്ക് ശേഷം, മുഖ്യമന്ത്രി ഇന്നലെ രാവിലെ ഡിജിപിയുമായും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായും ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ കുടുംബത്തിനുമൊപ്പം ആരോപണം നേരിടുന്ന കെടി ജലീല്‍ കന്റോണ്‍മെന്റ് പോലിസില്‍ പരാതി നല്‍കിയത്. സ്വപ്ന സുരേഷിനും പിസി ജോര്‍ജിനുമെതിരെയായിരുന്നു ജലീലിന്റെ പരാതി. സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനും മുഖ്യമന്ത്രിയെയും കുടുംബത്തെയും തന്നെയും അവഹേളിക്കാനും നാട്ടില്‍ കലാപം ഉണ്ടാക്കാനും ഗൂഢാലോചന നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

അതേസമയം, സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചതില്‍ എടുത്ത കേസ് നില്‍നില്‍ക്കുമോ എന്ന ആശങ്ക സേനക്കുള്ളില്‍ തന്നെയുണ്ട്. ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ ആരോപണങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. ആരോപണങ്ങള്‍ക്ക് പിന്നാലെ പ്രതിപക്ഷ സംഘടനകള്‍ സമരവും നടത്തും. അത് സാധാരണമാണ്. അത്തരം സമരങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയും കലാപ ആഹ്വാനവും ഉന്നയിച്ച് കേസെടുക്കുന്നത് നിലനില്‍ക്കുമോ എന്നാണ് സേനയിലെ തന്നെ ചില ഉദ്യോഗസ്ഥരുടെ സംശയം. കോടതിയില്‍ കൊടുത്ത മൊഴിയാണ് മാധ്യമങ്ങള്‍ക്ക് മുന്നിലും സ്വപ്ന ആവര്‍ത്തിച്ചത്. കോടതിയുടെ പരിഗണനയിലിരിക്കയുള്ള മൊഴിയില്‍ എങ്ങനെ കേസെടുക്കാവുമെന്ന സംശയവും ബാക്കി. 

Tags:    

Similar News