കൊവിഡ് 19 ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാനാര്‍ത്ഥികളെ അയോഗ്യതകല്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് ഹ ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി

Update: 2021-03-18 13:02 GMT

ന്യൂഡല്‍ഹി: സര്‍ക്കാര്‍ പുറത്തിറക്കിയ കൊവിഡ് ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാനാര്‍ത്ഥികളെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട ഹരജി ഡല്‍ഹി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കൊവിഡ് ആരോഗ്യ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ലംഘിക്കുന്ന സ്ഥാനാര്‍ത്ഥകളെ മുഴുവന്‍ കാലത്തേക്കോ നിശ്ചിത സമയത്തേക്കോ അയോഗ്യരാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഉത്തര്‍പ്രദേശ് ഡിജിപി വിക്രം സിങ് ആണ് ഇതുസംബന്ധിച്ച ഹരജി നല്‍കിയത്. നിലവില്‍ നോയിഡ അന്താരാഷ്ട്ര സര്‍വകലാശാലയുടെ ചെയര്‍മാനാണ്. കൂടാതെ തിങ്ക് ടാങ്ക് സെന്റര്‍ ഫോര്‍ അക്കൗണ്ടബിലിറ്റി ആന്റ് സിസ്റ്റം ചെയ്ഞ്ചിന്റെയും ചെയര്‍മാനാണ്.

അഭിഭാഷകരായ വിരാഗ് ഗുപ്തയും ഗൗരവ് പതക്കുമാണ് ഹരജിക്കാരന് വേണ്ടി ഹാജരായത്.

അസം, കേരളം, തമിഴ്‌നാട്, ബംഗാള്‍, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെന്നും തിരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.തിരഞ്ഞെടുപ്പ് റാലികള്‍, മറ്റ് കാംപയിനുകള്‍ തുടങ്ങി എല്ലാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും കൊവിഡ് മാനദണ്ഡങ്ങള്‍ ബാധകമാണ്.

മാര്‍ച്ച് 11ന് ഹരജിക്കാരന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ഇതുസംബന്ധിച്ച് നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നു. വിവിധ പാര്‍ട്ടികളുടെ പ്രമുഖര്‍ക്ക് കൊവഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും തിരഞ്ഞെടുപ്പ് കാലത്തു മുഴുവന്‍ അത് നിര്‍ബന്ധമാക്കണമെന്നും കമ്മീഷനു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. തനിക്ക് പരാതിയില്‍ ഒരു മറുപടിയും ലഭിച്ചില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ 324 അനുസരിച്ച് കമ്മീഷന് ഇത്തരം നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ വലിയ അധികാരമാണ് ഉള്ളതെന്നും ഹരജിക്കാരന്‍ചൂണ്ടിക്കാട്ടി.

Tags:    

Similar News