മുസ് ലിംകള്‍ക്കെതിരായ വര്‍ഗീയ പ്രസംഗം: പി സി ജോര്‍ജിനെതിരേ കേസെടുക്കണമെന്ന് ഹരജി

Update: 2025-03-29 11:42 GMT
മുസ് ലിംകള്‍ക്കെതിരായ വര്‍ഗീയ പ്രസംഗം: പി സി ജോര്‍ജിനെതിരേ കേസെടുക്കണമെന്ന് ഹരജി

കൊച്ചി: മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ ബിജെപി നേതാവ് പി സി ജോര്‍ജിനെതിരേ കേസെടുക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ പരാതി നല്‍കി. കോട്ടയം പാലായില്‍ മാര്‍ച്ച് ഒമ്പതിന് കെസിബിസി നടത്തിയ പരിപാടിയില്‍ ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളില്‍ കേസെടുക്കണമെന്നാണ് കലൂര്‍ സ്വദേശി കെ സിറാജ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതി പറയുന്നത്.

ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ പരാതിയില്‍ വിശദീകരിച്ചിട്ടുണ്ട്. ''ഈരാറ്റുപേട്ട നടക്കലില്‍ കേരളം മൊത്തം കത്തിക്കാന്‍ കഴിയുന്ന രീതിയില്‍ സ്‌ഫോടകവസ്തു കണ്ടെത്തിയെന്നും അത് എവിടെ കത്തിക്കാന്‍ ആണെന്ന് എനിക്കാം അറിയാം..... മീനച്ചില്‍ താലൂക്കില്‍ നിന്നും 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു. അതില്‍ 41 എണ്ണം മാത്രമാണ് തിരിച്ചു കിട്ടിയത്....മുസ്‌ലിം പെണ്ണുങ്ങള്‍ പിഴയ്ക്കുന്നില്ല. പിഴയ്ക്കാത്തതിന് കാരണം 18 വയസില്‍ കെട്ടിച്ചു വിടുന്നതാണ്....''- ജോര്‍ജ് പറഞ്ഞതായി പരാതി ചൂണ്ടിക്കാട്ടുന്നു.

തെറ്റായതും ചപലമായതും അപകീര്‍ത്തികരവുമായ ഈ പരാമര്‍ശങ്ങള്‍ കേരളത്തിലെ സാമുദായിക സൗഹാര്‍ദ്ദത്തെയും പൊതു സമാധാനത്തെയും ഗൗരവമായി ബാധിച്ചെന്ന് പരാതി പറയുന്നു. ക്രിസ്ത്യാനികളും മുസ്‌ലിംകളും തമ്മില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനാണ് ജോര്‍ജ് ശ്രമിച്ചിരിക്കുന്നത്. വര്‍ഗീയ സ്വഭാവമുള്ള പ്രസ്താവനകള്‍ സ്ഥിരമായി നടത്തുന്ന ജോര്‍ജിനെതിരേ നിരവധി കേസുകളുണ്ട്. വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ചാണ് ജോര്‍ജ് മേല്‍പ്പറയുന്ന പ്രസ്താവനകള്‍ നടത്തിയത്. പരാമര്‍ശത്തില്‍ മാര്‍ച്ച് 15ന് നോര്‍ത്ത് പോലിസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. അതിനാല്‍ 19ന് കമ്മീഷണര്‍ക്ക് പരാതി നല്‍കി. എന്നാല്‍, കേസെടുക്കുന്നതിന് പകരം സെറ്റില്‍മെന്റിനാണ് പോലിസ് ശ്രമിച്ചത്. ജോര്‍ജിനെ എത്രയും വേഗം തടഞ്ഞില്ലെങ്കില്‍ വര്‍ഗീയ വെറുപ്പ് പ്രചരിപ്പിക്കും. ജോര്‍ജിന്റെ പ്രസംഗത്തിന് പിന്നിലുള്ള ഗൂഡാലോചനയില്‍ അന്വേഷണം വേണമെന്നും പരാതി ആവശ്യപ്പെടുന്നുണ്ട്.

Similar News