
മുംബൈ: നടനും സംവിധായകനും നിര്‍മാതാവുമായ മനോജ് കുമാര്‍ (87) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം. മുംബൈയിലെ കോകില ബെന്‍ ധീരുഭായ് അംബാനി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. 1957-ലെ ഫാഷന്‍ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം.
തിരക്കഥാകൃത്ത്, ഗാനരചയിതാവ്, എഡിറ്റര്‍, സംവിധായകന്‍ എന്നീ നിലകളിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. കാഞ്ച് കി ഗുഡിയ(1961)യിലെ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധനേടുന്നത്. ഉപ്കാര്‍, ഷഹീദ്, പുരബ് ഔര്‍ പശ്ചിമ്, ക്രാന്തി, റോട്ടി കപട ഔര്‍ മകാന്‍, ഷോര്‍, ഗുംനാം, രാജ് കപൂര്‍ സംവിധാനം ചെയ്ത് നായകവേഷത്തിലെത്തിയ മേരാ നാം ജോക്കര്‍ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളാണ്.