'പ്രവാചകനിന്ദക്കെതിരേ ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതി'; റഷ്യന്‍ സുരക്ഷാഏജന്‍സി ഒരാളെ കസ്റ്റഡിയിലെടുത്തു
മോസ്‌കോ: പ്രവാചകനിന്ദക്കെതിരേ പ്രതികാരം ചെയ്യുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് ആരോപിച്ച് മധ്യേഷ്യന്‍ രാജ്യക്കാരനായ ഒരാളെ റഷ്യന്‍ സുരക്ഷാഏജന്‍സി കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഐഎസ് ചാവേറാണെന്നും തുര്‍ക്കിയില്‍നിന്നാണ് ഇയാളെ ഐഎസ് നേതാക്കള്‍ റിക്രൂട്ട് ചെയ്തതെന്നും റഷ്യന്‍ വാര്‍ത്താഏജന്‍സി ടാസ് റിപോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ഭരണകൂടത്തിലെ പ്രധാനിയായ ഒരാളെ കൊലപ്പെടുത്താനാണ് പദ്ധതിയെന്ന് ഇയാള്‍ സമ്മതിച്ചതായും ഏജന്‍സി അറിയിച്ചു.
സുരക്ഷാസേനക്കു നല്‍കിയ മൊഴിയില്‍ ഇക്കാര്യം ഇയാള്‍ സമ്മതിക്കുന്നുണ്ടത്രെ. പ്രവാചനകനിന്ദയുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ കണ്ടതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പിടിയിലായയാള്‍ പറഞ്ഞു. ഇതുസംബന്ധിച്ച് റഷ്യന്‍ ഫെഡറല്‍ ഏജന്‍സി ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഇതിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. സ്വയം പൊട്ടിത്തെറിച്ച് ഇന്ത്യയുടെ ഭരണവൃത്തങ്ങളിലെ പ്രധാനിയായ ഒരാളെ കൊല്ലുകയാണ് പദ്ധതി.
ഐഎസ്സിനെയും അതുമായി ബന്ധപ്പെട്ട എല്ലാ സംഘടനകളെയും റഷ്യ നിരോധിച്ചിട്ടുണ്ട്. ഐഎസ്സിന് തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇന്റര്‍നെറ്റ് അധിഷ്ഠിത സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇക്കാര്യം പരിശോധിക്കുമെന്നും റഷ്യന്‍ അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു.
ബിജെപി നേതാവ് നൂപുര്‍ ശര്‍മയാണ് പ്രവാചനകനെതിരേ മോശം പരാമര്‍ശനം നടത്തിയത്. പാര്‍ട്ടി വക്താവിന്റെ നടപടിയെ കേന്ദ്രം അപലപിച്ചിരുന്നു. അതേസമയം പ്രവാചകനിന്ദ, ഇന്ത്യയും അറേബ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിച്ചുവെന്ന ആരോപണത്തെ ഇന്ത്യ തള്ളി.